ലൈംഗികാതിക്രമം ചെറുത്തു; യുവതിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു

Advertisement

ചണ്ഡീഗഡ്:ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ, ഓടുന്ന ട്രെയിനിൽ നിന്ന് 30കാരിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊന്നു.

യുവതിയുടെ കൂടെ ഉണ്ടായിരുന്ന ഒൻപത് വയസുള്ള മകൻ നടന്ന കാര്യം അച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിന് പിന്നാലെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ പ്രതിയെ പൊലീസ് പിടികൂടി.

ഹരിയാനയിലെ ഫത്തേഹാബാദിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പഞ്ചാബിലെ റോത്തക്കിൽ നിന്ന് നാട്ടിലേക്ക് മകനൊപ്പം മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. കോച്ചിൽ ഇവരെ കൂടാതെ മൂന്ന് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

സംഭവം നടക്കുന്ന സ്ഥലത്തിന് 20 കിലോമീറ്റർ അകലെ വച്ച്‌ റെയിൽവേ സ്‌റ്റേഷനിൽ വരാൻ ഭർത്താവിനോട് യുവതി ഫോണിൽ വിളിച്ച്‌ പറഞ്ഞിരുന്നു. ഇതനുസരിച്ച്‌ സ്റ്റേഷനിൽ എത്തിയ സമയത്ത് മകൻ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നത് കണ്ട് ചോദിച്ചപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്.

കോച്ചിൽ യുവതി ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത് എന്ന് മനസിലാക്കിയാണ് പ്രതി ലൈംഗികാതിക്രമത്തിന് മുതിർന്നത് എന്ന് പൊലീസ് പറയുന്നു. ഇത് ചെറുക്കാൻ ശ്രമിക്കുന്നതിനിടെ, പ്രകോപിതനായ പ്രതി 27 വയസുള്ള സന്ദീപ്, യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ചാട്ടത്തിനിടെ പരിക്കേറ്റ 27കാരൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഇവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി യുവതി റോത്തക്കിലാണ് താമസിച്ചിരുന്നത്. രാത്രി മുഴുവൻ റെയിൽവേ ട്രാക്കിൽ യുവതിക്കായി തെരച്ചിൽ നടത്തിയെങ്കിലും ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.