കെജിഎഫിലെ റോക്കിഭായിയാകാന്‍ കൊലപാതക പരമ്പര…സീരിയല്‍ കില്ലര്‍ പിടിയില്‍; പിടികൂടുന്നതിന് തൊട്ടുമുന്‍പും കൊലപാതകം നടത്തി

Advertisement

ഭോപ്പാല്‍: 19-കാരനായ മധ്യപ്രദേശിലെ സാഗര്‍ ജില്ലയെ നടുക്കിയ സീരിയല്‍ കില്ലര്‍ പിടിയില്‍. കേസ്ലി സ്വദേശി ശിവപ്രസാദ് ധ്രുവെ ആണ് അഞ്ച് ദിവസത്തിനിടെ നാല് സെക്യൂരിറ്റി ജീവനക്കാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. പിടികൂടുന്നതിനു തൊട്ടുമുന്‍പും ഇയാള്‍ കൊലപാതകം നടത്തിയതായും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി ഭോപാല്‍ ലാല്‍ഘാട്ടി പ്രദേശത്ത് കാവല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണു ശിവപ്രസാദിനെ പിടികൂടിയത്. സൂപ്പര്‍ഹിറ്റ് സിനിമയായ കെജിഎഫ്2ലെ റോക്കിഭായിയാണ് തന്റെ പ്രചോദനമെന്നും സമ്പത്തുണ്ടാക്കി ഗ്യാങ്സ്റ്ററായി പേരെടുക്കാനാണു കൊലപാതകങ്ങള്‍ നടപ്പാക്കിയതെന്നും പ്രതി മൊഴി നല്‍കി. ഭാവിയില്‍ പോലീസുകാരെ വധിക്കാനും ലക്ഷ്യമിട്ടിരുന്നു. ‘പ്രശസ്തി’ നേടുക എന്നതായിരുന്നു ലക്ഷ്യം. അതിനാലാണ് ഉറങ്ങിക്കിടക്കുന്ന കാവല്‍ക്കാരെ തേടിപ്പിടിച്ചു കൊലപ്പെടുത്തിയത്.


ഇയാളുടെ ഫോണിന്റെ നെറ്റ്വര്‍ക്ക് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഡിജിപി സുധീര്‍ സക്സേന പറഞ്ഞു. മൂന്ന് ദിവസത്തിനിടെ 3 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് സീരിയല്‍ കില്ലറാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിച്ചത്. ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു. ഉത്തം രജക്, കല്യാണ്‍ ലോധി, ശംഭുറാം ദുബെ, മംഗള്‍ അഹിര്‍വാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മേയില്‍ മറ്റൊരു സുരക്ഷാജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന മംഗള്‍ അഹിര്‍വാര്‍ നല്‍കിയ സൂചനകളാണു പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത്. ചുറ്റികയോ കല്ലോ പോലുള്ള വസ്തുവോ ഉപയോഗിച്ച് തലയോട്ടി തകര്‍ത്താണ് ഇയാള്‍ ആളുകളെ കൊന്നിരുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.