മഠാധിപതിക്കെതിരെ ലൈംഗികാരോപണം: ബസവശ്രീ പുരസ്കാരം തിരിച്ചു നൽകി മുതിർന്ന മാധ്യമപ്രവർത്തകൻ സായ്നാഥ്

Advertisement

ബെംഗലൂരു: പ്രശസ്ത മാധ്യമപ്രവർത്തകനും മാഗ്സാസെ പുരസ്കാര​ ജേതാവുമായ പി. സായ്നാഥ് ബസവശ്രീ പുരസ്കാരം തിരിച്ചു നൽകി.

ചിത്രദുർഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ശിവമൂർത്തി മുരുഗ ശരണറുവിനെ പ്രായപൂർത്തിയാകാത്ത ദലിത്, പിന്നാക്ക വിദ്യാർത്ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സായ്നാഥ് പുരസ്കാരം തിരിച്ചുനൽകിയത്. 2017ലാണ് മുരുഗ മഠം സായ്നാഥിനെ ബസവശ്രീ പുരസ്കാരം നൽകി ആദരിച്ചത്. അഞ്ചുലക്ഷം രൂപയുടെ പുരസ്കാരമാണ് ബസവശ്രീ. ഈ തുകയുടെ ചെക്ക് അടക്കമാണ് സായ്നാഥ് തിരിച്ചുനൽകിയത്.

രണ്ട് സ്കൂൾ പെൺകുട്ടികളാണ് മഠാധിപതിക്കെതിരെ ലൈംഗികാരാപണം ഉന്നയിച്ചത്. അതിജീവിതകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പുരസ്കാരം തിരിച്ചു നൽകുന്നതെന്നും സായ്നാഥ് വ്യക്തമാക്കി. മഠാധിപതിക്കെതിരെ മാധ്യമ വാർത്തകൾ വന്നതു മുതൽ താൻ അസ്വസ്ഥനായിരുന്നുവെന്നും കുട്ടികൾക്കെതിരെ നടക്കുന്ന ഇത്തരം പീഡനങ്ങളെ ശക്തമായി അപലപിക്കുന്നതായും സായ്നാഥ് പറഞ്ഞു. ഈ കേസ് വെളിച്ചത്തുകൊണ്ടു വന്ന മൈസൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒയായ ഒഡനഡിയെ ശ്ലാഘിച്ച സായ്നാഥ് വർഷങ്ങളോളമായി ഈ സംഘടന സമൂഹത്തിലെ തിൻമകൾക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെനനും സൂചിപ്പിച്ചു.കേസിൽ അറസ്റ്റിലായ മഠാധിപതിയെ ഈ മാസം അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കയാണ്.

വന്ദന ശിവ, ശബാന ആസ്മി, കിരൺ ബേദി, അണ്ണ ഹസാരെ, മേധ പട്കർ, സ്വാമി അഗ്നിവേശ് എന്നിവർക്കും ബസവശ്രീ പുരസ്കാരം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട പ്രഫ. കൽബുർഗിക്ക് മരണാനന്തര ബഹുമതിയായും പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.