താലികെട്ടിയ ഉടന്‍ അടി, നവദമ്പതിമാര്‍ വിവാഹവേദിയില്‍ വേര്‍പിരിഞ്ഞു

Advertisement

താലികെട്ടിയ ഉടന്‍ നവദമ്ബതിമാര്‍ വിവാഹവേദിയില്‍ വച്ച് വേര്‍പിരിഞ്ഞു. തിരുപ്പൂര്‍ നഗരത്തിലെ പൂളുവപ്പട്ടിയിലാണ് സംഭവം.
പൂളുവപ്പട്ടി നിവാസിയായ 32 വയസ്സുള്ള വസ്ത്രശാല തൊഴിലാളിയും 25 കാരിയുമാണ് വിവാഹിരായത്.

ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് കല്യാണം നിശ്ചയിച്ചത്. പൂളുവപ്പട്ടി ക്ഷേത്രത്തില്‍ താലികെട്ടിയശേഷം മണ്ഡപത്തില്‍ വന്നപ്പോഴാണ് വരന്റെ ഒരുകാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും ശസ്ത്രക്രിയയുടെ അടയാളങ്ങളും നവവധുവിന്റെ ശ്രദ്ധയില്‍ പ്പെട്ടത്.

ഉടന്‍ തന്നെ വധു വിവരം അന്വേഷിച്ചു. വരന്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും തന്നില്‍നിന്നും ഈ വസ്തുത മറച്ചുവെച്ചതിനെ യുവതി ചോദ്യംചെയ്തു. തുടര്‍ന്നു നടന്ന വാഗ്വാദത്തിനു പിന്നാലെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. സംഭവമറിഞ്ഞെത്തിയ നഗരത്തിലെ വനിതാ പൊലീസ് സംഘം പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

വരന്‍ സ്ഥിരമായി ജോലിക്ക് പോകുന്നില്ലെന്ന ആരോപണവും വധുവിന്റെ വീട്ടുകാര്‍ നടത്തി. തുടര്‍ന്ന്, വേര്‍പിരിയുകയാണെന്ന് രണ്ടുകൂട്ടരും ഒപ്പിട്ട രേഖയുടെ പകര്‍പ്പ് പൊലീസിന് കൈമാറി.