ബല്ലിയ: അധ്യാപകൻറെ ബൈക്കിൽ തൊട്ടതിൻറെ പേരിൽ വിദ്യാർത്ഥി നേരിടേണ്ടി വന്നത് കൊടും മർദ്ദനം. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. അധ്യാപകൻറെ ബൈക്കിൽ തൊട്ടതിന് ആറാം ക്ലാസുകാരനായ ദളിത് വിദ്യാർത്ഥിയെ ഒരു ദയയുമില്ലാതെ തല്ലുകയായിരുന്നു. അധ്യാപകനായ കൃഷ്ണ മോഹൻ ശർമയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ റാണാപുർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.
കൃഷ്ണ മോഹൻറെ മോട്ടോർ സൈക്കിളിൽ ആറാം ക്ലാസുകാരനായ കുട്ടി തൊട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അധ്യാപകൻ ആദ്യം കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ഇതിന് ശേഷം ഇരുമ്പ് കമ്പി കൊണ്ടും ചൂൽ കൊണ്ടും തല്ലുകയായിരുന്നു. കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തു. സ്കൂളിലെ മറ്റൊരു സ്റ്റാഫ് ആണ് കുട്ടിയെ രക്ഷിച്ചതെന്ന് നഗ്ര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയായ ദേവേന്ദ്ര നാഥ് ദുബൈ പറഞ്ഞു. ശനിയടാഴ്ച കുട്ടിയുടെ കുടുംബാംഗങ്ങൾ സ്കൂളിന് പുറത്ത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും (ബിഇഒ) എസ്എച്ച്ഒയും സ്കൂളിലെത്തി കുറ്റാരോപിതനായ അധ്യാപകനെതിരെ കർശന നടപടിയെടുക്കുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.ബിഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതനായ അധ്യാപകൻ കൃഷ്ണ മോഹൻ ശർമ്മയെ സസ്‌പെൻഡ് ചെയ്‌തതായി ബേസിക് ശിക്ഷാ അധികാരി (ബിഎസ്‌എ) മണിറാം സിംഗ് പറഞ്ഞു. കേസിൽ അന്വേഷണം നടത്തുമെന്നും പൊലീസും അറിയിച്ചു.
പരീക്ഷയിൽ കുറഞ്ഞ മാർക്ക് നൽകിയതിന് അധ്യാപകനെയും സ്കൂൾ സ്റ്റാഫിനെയും കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ മരത്തിൽ കെട്ടിയിട്ട് തല്ലിയിരുന്നു. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഷെഡ്യൂൾഡ് ട്രൈബ് റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് അടിച്ചത്. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മാർക്ക് കുറച്ചതിനാണ് വിദ്യാർത്ഥികൾ മർദ്ദിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുമൻ കുമാർ എന്ന അധ്യാപകനും സോനൊറാം ചൗരേ എന്ന സ്റ്റാഫിനുമാണ് മർദ്ദനമേറ്റത്. പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ മാർക്കിന്റെ പേരിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇരുവരെയും മർദ്ദിക്കുകയായിരുന്നു.