ന്യൂഡൽഹി: ഐഫോൺ ചാർജറുണ്ടോ? ബാറ്ററി തീർന്ന ഐ ഫോണുമായി നടക്കവെ നിങ്ങൾ പലയിടത്തും ഇതുപോലെ തിരഞ്ഞിട്ടുണ്ടാവാം.
വിലകുറഞ്ഞ ആൻഡ്രോയിഡ് ഫോണുമായി നടക്കുന്ന കൂട്ടുകാരും സഹപ്രവർത്തകരും പരമ പുച്ഛത്തോടെ മനസ്സിൽ പറഞ്ഞിട്ടുണ്ടാവാം. “കഞ്ഞിക്ക് വകയില്ല. അവന്റെയൊരു ഐഫോണേ”. എല്ലാം പദ്ധതി പോലെ നടന്നാൽ ഭാവിയിൽ ഇത്തരം പുച്ഛന്മാരും പൊങ്ങന്മാരും സീനിൽ നിന്നുതന്നെ ഔട്ടാകും. കാരണം, ഇന്ത്യൻ സർക്കാർ രാജ്യം മുഴുവൻ ഒരു “ഒറ്റ ചാർജർ നയം” നടപ്പാക്കാൻ ആലോചിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഉപഭോക്തൃകാര്യ മന്ത്രാലയ അധികൃതർ ഈ വിഷയം ചർച്ച ചെയ്യാൻ ഉപകരണ നിർമാതാക്കളുമായി കൂടിയാലോചന നടത്തി. മൊബൈലുകളടക്കം എല്ലാ പോർട്ടബിൾ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായ ചാർജറുകൾ സ്വീകരിക്കുന്നത് പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കാനാണ് സർക്കാർ നീക്കം.
രണ്ട് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. യു.എസ്.ബിസി-ടൈപ് പോർട്ട് അടക്കം രണ്ട് തരം ചാർജറുകളിലേക്ക് ഇന്ത്യ മാറുന്നത് ആദ്യം പരിശോധിക്കാമെന്ന് യോഗത്തിന് ശേഷം ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. “ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ യു.എസ്.ബി ടൈപ് സി ചാർജറുകൾ മികച്ചതാണ്. ടൈപ് സി ഉപയോഗിച്ച് വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്നു. 65 വാട്ട് അല്ലെങ്കിൽ അതിൽ താഴെയുള്ള നിരവധി ഉപകരണങ്ങൾക്ക് ഇത് ഉപയോഗിക്കാം”- ഇലക്‌ട്രോണിക്‌സ് പ്രോഡക്‌ട്‌സ് ഇന്നവേഷൻ കൺസോർട്യം (ഇ.പി.ഐ.സി) ഫൗണ്ടേഷൻ ചെയർമാനും എച്ച്.സി.എൽ സ്ഥാപകനുമായ അജയ് ചൗധരി പറയുന്നു.
മൊബൈൽ ഫോണുകൾക്ക് മാത്രമല്ല. ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ബാൻഡുകൾ പോലെയുള്ള ശരീരത്തിൽ അണിയുന്ന ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ എന്നിവക്കെല്ലാം ഒറ്റ ചാർജർ കൊണ്ടുവരുകയാണ് ലക്ഷ്യം. ഇലക്‌ട്രോണിക് മാലിന്യം കുറക്കുക. കാർബൺ പുറന്തള്ളൽ കുറച്ച് അന്തരീക്ഷ മലിനീകരണം പിടിച്ചുകെട്ടുക തുടങ്ങിയ പദ്ധതികളുടെ ഭാഗമായാണീ നടപടി. നഗരങ്ങളിലെ വീടുകളിൽ 10 മുതൽ 14 വരെ ഉപയോഗിക്കാത്ത ചാർജറുകൾ ഉള്ളതായാണ് റിപ്പോർട്ടുകൾ. ഈ പഴയതും കേടായതുമായ ചാർജറുകൾ പിന്നീട് ഭൂമിക്കുതന്നെ ഭാരമാക്കും. 2017 സാമ്ബത്തിക വർഷത്തിൽ ഇന്ത്യയിൽ 22,700 ടൺ ഇ- മാലിന്യമുണ്ടായിരുന്നത് 2021 ൽ 3.50 ലക്ഷം ടണ്ണായി ഉയർന്നു. ഒരു കാര്യം ഓർക്കുക ഇത് ഔദ്യോഗിക കണക്കുകളാണ്. ഇ-മാലിന്യത്തിന്റെ 90-95 ശതമാനവും കണക്കാക്കപ്പെടാതെ പലയിടത്തും വലിച്ചെറിയപ്പെടുകയാണ്. പ്രതിവർഷ ഇ-മാലിന്യം 30 ലക്ഷം ടൺ വരുമെന്നാണ് വിലയിരുത്തൽ. ഇതത്ര ചെറിയ പ്രശ്നമല്ല.
എന്തായാലും ഈ തീരുമാനമെടുക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. യൂറോപ്യൻ യൂനിയൻ ഇതിനകം സമാനമായ പദ്ധതി കൊണ്ടുവരുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ മൊബൈൽ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും കാമറകൾക്കും പൊതുവായ ചാർജിങ് പോർട്ടായി യു.എസ്.ബി ടൈപ്-സി മാറും. ആപ്പിൾ ഐഫോണും ഇതിൽ ഉൾപ്പെടുന്നു. 2024ഓടെ എല്ലാ സ്മാർട്ട്‌ഫോൺ നിർമാതാക്കളും ചാർജിങ് നിലവാരമായി യു.എസ്.ബി ടൈപ് സിയെ മാത്രം പരിഗണിക്കണമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രമേയം. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നീക്കം. 30-35 കോടിയാണ് യൂറോപ്പിലെ ചാർജർ വിപണി. ഇന്ത്യയിലാകട്ടെ ഇത് 200 കോടിയാണ്.ഒരു സാധാരണ ചാർജറിന് ഇ-മാലിന്യ പ്രശ്നം അത്രക്ക് കുറക്കാൻ കഴിയുമോ എന്ന സംശയം നിങ്ങൾക്കുണ്ടാകാം.
കാരണം ആഗോള ഇ-മാലിന്യത്തിന്റെ 0.1 ശതമാനം മാത്രമാണ് ചാർജറുകൾ സംഭാവന ചെയ്യുന്നത്. എന്നാൽ, ഇത് ഉപഭോക്താക്കൾക്ക് പണം ലാഭിക്കാനും പലതരം ചാർജറുകൾ കൊണ്ടുനടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാക്കും. നിങ്ങൾ ഒരു പുതിയ ഫോൺ വാങ്ങുകയാണെങ്കിൽ ഒപ്പം ഒരു പുതിയ ചാർജർ നൽകേണ്ടി വരില്ല. ഇത് ഫോണുകളുടെ വില കുറക്കും. കൂടാതെ, ഒറ്റ ചാർജർ മതിയെന്നതിനാൽ പലരും വീണ്ടും വീണ്ടും ചാർജറുകൾ വാങ്ങുന്നത് അവസാനിപ്പിക്കും. ഇത് പ്രതിവർഷം ഉപയോക്താക്കളുടെ 25 കോടി യൂറോ വരെ ലാഭിക്കാൻ സഹായിക്കുമെന്ന് യുറോപ്യൻ യൂണിയൻ വിശ്വസിക്കുന്നു.
എന്നാൽ, ഇന്ത്യയുടെ നയത്തിന് മറ്റ് കാരണങ്ങൾ കൂടിയുണ്ട്. ലോകത്തിലെ ഇ-മാലിന്യത്തിന്റെ 60-90 ശതമാനം അനധികൃതമായി വിൽക്കുകയോ ഘാന, നൈജീരിയ, ചൈന, പാകിസ്താൻ, ഇന്ത്യ തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ തള്ളുകയോ ചെയ്യുന്നു. ഇന്ത്യ ഇ-മാലിന്യങ്ങളുടെ ഇറക്കുമതി നിരോധിച്ചെങ്കിലും അവ ഇപ്പോഴും നവീകരിച്ചവയായി വേഷംമാറി രാജ്യത്തെത്തുന്നു. ഇ-മാലിന്യ ഇറക്കുമതിയുടെ മൊത്തം മൂല്യം എല്ലാ വർഷവും 12.3 ശതമാനം വീതം വളരുകയാണ്. യൂറോപ്പിലുടനീളം പൊതുചാർജർ നിലവാരം നിർബന്ധമാക്കിയാൽ ഇന്ത്യയിലേക്ക് അവർക്ക് ആവശ്യമില്ലാത്ത ചാർജറുകൾ കുത്തിയൊഴുക്കിയേക്കാം. എന്നാൽ, അതിന് മുമ്പേ ഇന്ത്യ പൊതു മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ വേണ്ടാത്തവ തള്ളിക്കളയാൻ കഴിയും.
ഈ നീക്കം നവീകരണ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് നിർമാതാക്കൾ കരുതുന്നത്. 1996ലാണ് ആദ്യത്തെ യു.എസ്.ബി ചാർജറുകൾ വിപണിയിലെത്തിയത്. പൊതു നിലവാരം സ്വീകരിക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ ചാർജറുകളുടെ വലുപ്പം കുറയുമോ? കാര്യക്ഷമത കൂടുമായിരുന്നോ? ഫാസ്റ്റ് ചാർജറുകളും ലൈറ്റ് നിങ്, ടൈപ് സി ചാർജറുകളും വരുമായിരുന്നോ? സാധ്യതയില്ല. മിക്ക കമ്പനികളും ചാർജറുകൾ പരിഷ്കരിക്കാൻ പണം നിക്ഷേപിച്ചു. ഇന്നുള്ള ഉൽപന്നങ്ങൾ അതിന് തെളിവാണ്. എന്നാൽ, ആഗോള നിർമാതാക്കൾക്ക് വ്യക്തമായ ഗൂഢലക്ഷ്യമുണ്ട്. പൊതു ചാർജർ അവരുടെ സാങ്കേതികവിദ്യ ഉപേക്ഷിക്കാൻ കാരണമാകും. ഫാസ്റ്റ് ചാർജിങ് ശേഷി പലതരം പേരുകളിൽ വിൽക്കാൻ കഴിയില്ല. അതിനാൽ പുതിയ നീക്കത്തിൽ അവർ തൃപ്തരല്ലെന്ന് കരുതേണ്ടിവരും. പൊതുവായ ചാർജിങ് സംവിധാനം (ടൈപ്-സി പോർട്ട് പോലെ) സ്വീകരിക്കുന്നത് ചെലവ് കൂട്ടുമെന്ന് ഇന്ത്യൻ കമ്പനികൾ വിശ്വസിക്കുന്നു. ഫീച്ചർ ഫോണുകളുടെയും നിർമാണചെലവ് കൂടും.
ഈ ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ കഴിയുന്നില്ലെങ്കിൽ ആ ഉൽപന്ന നിര പൂർണമായും ഉപേക്ഷിക്കേണ്ടി വന്നേക്കാം. എല്ലാ ഉപകരണങ്ങൾക്കും ഒരു ചാർജറും സി-ടൈപ് പോർട്ടും മാത്രം നിർബന്ധമാക്കുന്നത് ആപ്പിളിനെയാവും കൂടുതൽ ബാധിക്കുകയെന്ന് വിദഗ്ധർ വിശ്വസിക്കുന്നു, കാരണം ആപ്പിൾ യു.എസ്. ബി -സി പോർട്ട് ഉപയോഗിക്കുന്നില്ല. ഇന്ത്യൻ വിപണിയിലെ മികച്ച അഞ്ച് ബ്രാൻഡുകളായ സാംസങ്, ഷവോമി, ഓപ്പോ, വിവോ, റിയൽമി എന്നിവ ടൈപ്-സി ചാർജിങ് പോർട്ടുകൾ ഉപയോഗിക്കുന്നു. ചില എൻട്രി ലെവൽ സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും ഇപ്പോഴും മൈക്രോ യു.എസ്.ബി പോർട്ടുകളും കേബിളുകളുമാണ് ഉപയോഗിക്കുന്നത്.