ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വരവേൽക്കുന്ന നാട്; ഈ രാജ്യത്തിന് ഇതെന്തുപറ്റിയെന്ന് അർണബ് ഗോസ്വാമി

Advertisement

മുംബൈ: ഏറെക്കാലത്തെ ഇടവേളക്കുശേഷം ഭരണകക്ഷിയായ ബി.ജെ.പിയെ വിമർശിച്ച്‌ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. ഗുജറാത്ത് കലാപത്തിനിടെ ക്രൂരമായി ബലാത്സംഗത്തിന് ഇരയായ ബിൽക്കീസ് ബാനുവിന്റെ നീതിക്കായും അർണബ് ശബ്ദമുയർത്തി.

റിപബ്ലിക് ടി.വിയിലെ ന്യൂസ് അവർ ചർച്ചക്ക് മുന്നോടിയായാണ് അർണബ് തന്റെ നിലപാട് വ്യക്തമാക്കിയത്. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വരവേൽക്കുന്ന നാടായി നമ്മുടെ രാജ്യം മാറിയെന്നും ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബി.ജെ.പിയോടൊപ്പം ചേർന്നുനിൽക്കുന്ന മാധ്യമ പ്രവർത്തകൻ എന്നറിയപ്പെടുന്ന അർണബിന്റെ പുതിയ നിലപാട് നെറ്റിസൺസിനിടയിൽ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

‘ഗുജറാത്ത് ഇലക്ഷനിൽ കണ്ണുനട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ മൗനം എന്നെ ഭയപ്പെടുത്തുകയാണ്. ബിൽക്കീസ് ബാനുവിനെ പീഡിപ്പിച്ചവരെ വാഴ്ത്തുകയും മധുരം നൽകുകയും ചെയ്യുകയാണ്. കൊലപാതകവും ബലാത്സംഗവും ആഘോഷിക്കാനുള്ള കാരണങ്ങളായി മാറി. ബി.ജെ.പി എം.എൽ.എയും മന്ത്രിയുമായ ജയന്ത് സിൻഹ ജാർഖണ്ഡിൽ കുറച്ചുനാൾ മുമ്പ് ചെയ്ത പ്രവർത്തിയെ ഓർമിപ്പിക്കുന്ന കാര്യമാണിത്. ആൾക്കൂട്ട കൊലപാതകികളേയും ബലാത്സംഗ വീരന്മാരേയും പുകഴ്ത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബിൽക്കീസിന്റെ മൂന്ന് വയസായ കുഞ്ഞിനെവരെ കൊന്നവരാണിത്. ഇവരുടെ മോചനത്തിനുള്ള സമ്മത പത്രത്തിൽ ഒപ്പിട്ടത് ഒരു ബി.ജെ.പി എം.എൽ.എയാണ്. ഈ രാജ്യത്തിന് ഇതെന്തുപറ്റി. ഇതുകണ്ട് നമ്മുക്ക് ഒരിക്കലും മിണ്ടാതിരിക്കാനാവില്ല’ -അർണബ് പറഞ്ഞു.

അർബണിന്റെ വിഡിയോക്ക് താഴെ പലതരത്തിലുള്ള കമന്റുകളാണ് ലഭിക്കുന്നത്. ആം ആദ്മി പാർട്ടിയെക്കൊണ്ട് വിഷയത്തിൽ പ്രതികരിപ്പിച്ച്‌ ബി.ജെ.പിക്ക് അനുകൂലമായി ഗുജറാത്ത് ഇലക്ഷനിൽ രംഗസജ്ജീകരണം നടത്തുകയാണ് അർണബിന്റെ ലക്ഷ്യമെന്നാണ് ഒരുവിഭാഗം പറയുന്നത്.

സ്വതന്ത്ര പത്രപ്രവർത്തകനാണെന്ന് നടിക്കാനാണ് പുതിയ നീക്കമെന്നും നിരവധിപേർ ആരോപിച്ചു. ചേതൻ ഭഗത്തിനെപ്പോലെ മോദിയെ ഒഴിവാക്കി ബി.ജെ.പി വിമർശനം നടത്തി നിക്ഷ്പക്ഷത നടിക്കാനാണ് അർണബിന്റെ നീക്കമെന്നും അവർ പറയുന്നു.

Advertisement