ബംഗളുരു: കർണാടകയിലെ ധർവാഡ് ജില്ലയിലുള്ള ഒരു എസ് ബി ഐ ശാഖയ്ക്ക് ഉപഭോക്തൃ തർക്ക പരിഹാര ഫോറം 85177 രൂപ പിഴ ശിക്ഷ വിധിച്ചു. കന്നഡ അക്ഷരം തെറ്റി വായിച്ച് ചെക്ക് മടക്കിയതിനാണ് ബാങ്ക് ശാഖയ്ക്ക് പിഴ ചുമത്തിയത്.
വാദിരാചര്യ ഇനാംദാർ, ഹുബ്ലി ഇലക്ട്രിസിറ്റി കോർപ്പറേഷന്, ഇലക്ട്രിസിറ്റി ബിൽ അടക്കുന്നതിനായി 6000 രൂപയുടെ ചെക്ക് നൽകിയിരുന്നു. എസ് ബി ഐ ചെക്കാണ് നൽകിയത്. എന്നാൽ ഇലക്ട്രിസിറ്റി കോർപ്പറേഷന് അക്കൗണ്ട് കാനറ ബാങ്കിലായിരുന്നു. 2020 സെപ്റ്റംബർ മൂന്നിന് കാനറ ബാങ്കിൽ നിന്നും എസ് ബി ഐ യുടെ ഉത്തര കന്നഡ ജില്ലയിലെ ഹലിയൽ ശാഖയിലേക്ക് ചെക്ക് ക്ലിയറിംഗിനായി അയച്ചു.
ചെക്കിൽ അക്ഷരങ്ങളും അക്കങ്ങളും കന്നഡ ഭാഷയിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിലെ 9 എന്ന അക്കം 6 എന്ന് തെറ്റി വായിച്ച് ബാങ്ക് ജീവനക്കാർ ചെക്ക് മടക്കി. ഈ അക്കം സെപ്റ്റംബർ മാസത്തെയാണ് അർത്ഥമാക്കിയത്. ജീവനക്കാർ ഇത് ജൂൺ മാസം ആയി മനസ്സിലാക്കിയാണ് ചെക്ക് മടക്കിയത്. ഹുബ്ബളിയിലെ ഗവൺമെന്റ് പിയു കോളേജിലെ ഇംഗ്ലീഷ് വിഭാഗം ലക്ചറർ ആണ് ഇനംദാർ. ചെക്ക് മടങ്ങിയതോടെ ഇദ്ദേഹം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചു. ബാങ്കിന്റെ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തിയാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറം പിഴ ശിക്ഷ വിധിച്ചത്.