അമ്മയുടെ മൊബൈൽ പൊട്ടിത്തെറിച്ച്‌ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Advertisement

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ മാതാവിന്റെ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ആറുമാസം മുമ്പ് വാങ്ങിയ കീപാഡ് മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. കുസുമം കശ്യപ് എന്ന സ്ത്രീയുടെ ഫോൺ ചാർജ് ചെയ്ത സമയത്താണ് അപകടമുണ്ടായത്. ഫോൺ പൊട്ടിത്തെറിയിൽ മുഖത്ത് പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പച്ചോമി ഗ്രാമത്തിൽ താമസിക്കുന്ന കുഞ്ഞിന്റെ പിതാവ് സുനീൽ കുമാർ കശ്യപിന്റെ കുടുംബത്തിലാണ് അപകടമുണ്ടായത്. വൈദ്യുതി കണക്ഷനില്ലാത്ത വീട്ടിലായിരുന്നു ഇയാളും കുടുംബവും താമസിച്ചിരുന്നത്. വെളിച്ചത്തിനും, ഫോൺ ചാർജ് ചെയ്യുന്നതിനും സോളാർ സംവിധാനമായിരുന്നു ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്. സംഭവസമയത്ത് വീട്ടമ്മയായ കുസുമവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.

എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം കുസുമം മറ്റ് ജോലികളിൽ ഏർപ്പെടുകയായിരുന്നു. കുഞ്ഞിനെ ഉറക്കി കിടത്തിയതിന് സമീപത്തായി ഫോൺ ചാർജ് ചെയ്യാനായി വച്ചിരുന്നു. ഫോൺ പൊട്ടിത്തെറിച്ചുണ്ടായ ശബ്ദം കേട്ട് ഇവർ ഓടിയെത്തിയപ്പോൾ കുഞ്ഞിനെ കിടത്തിയ കിടക്ക കത്തുന്നതാണ് കണ്ടത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് കുടുംബം. സംഭവത്തിൽ കുടുംബം പരാതി നൽകിയില്ലെന്നും, അശ്രദ്ധ കൊണ്ടുണ്ടായ അപകടമാണെന്നും പൊലീസ് പറഞ്ഞു.

Advertisement