ഇനി റാന്റാക്കും സിന്റാക്കും ഇല്ല; കാൻസറിന് കാരണമാകുമെന്ന് ആശങ്ക

Advertisement

ന്യൂഡൽഹി: അഡിഡിറ്റി, ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്ക് ഡോക്ടർമാർ പതിവായി നിർദേശിച്ചുവരുന്ന റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയിൽ നിന്ന് കേന്ദ്രസർക്കാർ നീക്കം ചെയ്തു.

റാണിറ്റിഡിന്റെ ഉപയോഗം കാൻസറിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്നാണ് നടപടി.

അസിലോക്ക്, റാന്റാക്ക്, സിന്റാക്ക് തുടങ്ങി പ്രമുഖ ബ്രാൻഡ് പേരുകളിൽ വിൽക്കുന്ന മരുന്നാണ് റാണിറ്റിഡിൻ. കാൻസർ രോഗത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ലോകമൊട്ടാകെ റാണിറ്റിഡിനെ നിരീക്ഷിച്ച്‌ വരികയാണ്. ഇതിനെ തുടർന്ന് ഡ്രഗ്‌സ് കൺട്രോളർ, എയിംസ് എന്നിവയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

2019ൽ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ആദ്യമായി റാണിറ്റിഡിന്റെ ഉപയോഗം കാൻസറിന് കാരണമായേക്കാമെന്ന സാധ്യത മുന്നോട്ടുവച്ചത്. കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഇതിൽ അമിത അളവിൽ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. റാണിറ്റിഡിന് പുറമേ 25 മരുന്നുകളെ കൂടി പട്ടികയിൽ നിന്ന് ഒഴിവാക്കി. കാൻസർ, പ്രമേഹം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഏതാനും മരുന്നുകൾ ഉൾപ്പെടെ 34 എണ്ണം പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു.

Advertisement