ട്രെയിനിൽ യുവതിക്ക് പ്രസവവേദന;തുണയായി മെഡിക്കൽ വിദ്യാർഥിനിയും സഹയാത്രികരും

Advertisement

ഹൈദരാബാദ്: ട്രെയിൻ യാത്രയ്ക്കിടയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് തുണയായി മെഡിക്കൽ വിദ്യാർഥിനി. ആന്ധ്രാ പ്രദേശിലാണ് സംഭവം.
ചൊവ്വാഴ്ച പുലർച്ചെ സെക്കന്തരാബാദ്- വിശാഖപട്ടണം തുരന്തോ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഗർഭിണിയായ 28കാരി. ഹൈദരാബാദിൽ സ്വകാര്യ കമ്പനി ജീവനക്കാരായ യുവതിയും ഭർത്താവും പ്രസവ തീയതി അടുത്തതിനാൽ സ്വന്തം നാടായ ശ്രീകാകുളത്തേക്ക് പോകുകയായിരുന്നു.

എന്നാൽ പുലർച്ചെ 3.30ഓടെ യുവതിക്ക് പ്രസവവേദന തുടങ്ങി. അവർ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ അതേ കോച്ചിൽ യാത്ര ചെയ്ത മെഡിക്കൽ വിദ്യാർഥി യുവതിയെ സഹായിക്കാൻ മുന്നോട്ടുവന്നു.

അവിഭക്ത ഗുണ്ടൂർ ജില്ലയിലെ നരസറോപേട്ടിൽ നിന്നുള്ള കെ.സ്വാതി റെഡ്ഡി എന്ന 23കാരിയാണ് സഹായത്തിനെത്തിയത്. ഗീതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥിനയാണ് സ്വാതി.

ആശുപത്രിയിൽ അസിസറ്റൻറ് പ്രഫസർ ആണെങ്കിലും സ്വാതി സ്വതന്ത്രയായി പ്രസവം കൈകാര്യം ചെയ്തിരുന്നില്ല. മാത്രമല്ല യുവതിയുടെ ആദ്യത്തെ പ്രസവം ആയതിനാൽ മറ്റ് ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു.

തുടക്കത്തിൽ, പ്ലാസൻറാ 45 മിനിറ്റായി പുറത്തുവരാത്തത് ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു. ഏതായാലും പുലർച്ചെ 5.35ന് ട്രെയിൻ അന്നവാരത്തിന് സമീപം എത്തിയപ്പോൾ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പക്ഷെ വിജയവാഡയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ സ്റ്റോപ്പില്ലാത്തതിനാൽ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാൻ വീണ്ടും ഒന്നര മണിക്കൂർ എടുത്തു.

നവജാത ശിശുക്കളെ ചൂടുള്ള അവസ്ഥയിൽ സൂക്ഷിക്കണമെന്നാണ്. എന്നാൽ ഇവർ സഞ്ചരിച്ചിരുന്നത് എസി ബോഗിയിലായിരുന്നു. പക്ഷെ മറ്റ് യാത്രക്കാർ അവരുടെ പുതപ്പുകൾ നൽകി. സ്വാതി അതുകൊണ്ട് കുഞ്ഞിനെ പൊതിഞ്ഞു.

കമ്പാർട്ടുമെൻറിനെ താൽക്കാലിക ഡെലിവറി റൂമാക്കി മാറ്റാൻ മറ്റ് യാത്രക്കാർ വളരെയധികം സഹായിച്ചുവെന്ന് സ്വാതി പിന്നീട് പറഞ്ഞു. ഒടുവിൽ അനകപ്പള്ളി സ്റ്റേഷനിൽ ആംബുലൻസ് എത്തി അമ്മയേയും നവജാതശിശുവിനെയും എൻ.ടി.ആർ. സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പെൺകുഞ്ഞിനെ പിന്നീട് ഇൻകുബേറ്ററിലേക്ക് മാറ്റി.
തക്ക സമയത്ത് ഇടപെട്ട സ്വാതിയെ കോളജിലെ സഹപാഠികളും പ്രിൻസിപ്പലും നാട്ടുകാരുമൊക്കെ അഭിനന്ദിച്ചു.

Advertisement