എന്നും പഠിക്കാനെത്തുന്ന കുരങ്ങൻ; ഇരിപ്പ് മുൻ നിരയിൽ

Advertisement

റാഞ്ചി: വിദ്യാലത്തിലെത്തി കൗതുകമായിരിക്കുകയാണ് ജാർഖണ്ഡിൽ ഒരാൾ. മറ്റാരുമല്ല ഒരു കുരങ്ങനാണിത്.

ഹസാരിബാഗ് ജില്ലയിലെ ദനുവ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് ഒരു കുരങ്ങൻ മറ്റ് വിദ്യാർഥികൾക്കൊപ്പം ക്ലാസിൽ എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്കൂളിൽ വിദ്യാർഥികൾക്കൊപ്പം ക്ലാസുകളിൽ പങ്കെടുക്കുന്ന കുരങ്ങൻ അധ്യാപകരെയും വിദ്യാർഥികളെയും കൗതുകത്തിലാക്കിയിരിക്കുകയാണ്.

ഒരാഴ്ച മുമ്പ് പെട്ടെന്ന് സ്കൂളിലെ ഒമ്പതാം ക്ലാസിൽ കുരങ്ങൻ എത്തുകയായിരുന്നു. ആദ്യമൊക്കെ വിദ്യാർഥികൾ ഭയന്നുവിറച്ചു. എങ്കിലും കുരങ്ങൻ ആരെയും ഉപദ്രവിക്കാതെ ക്ലാസിലെ ഒരു ബെഞ്ചിൽ ഇരുന്നു.

അന്നുമുതൽ ദിവസവും ക്ലാസിൽ എത്തുകയും വിദ്യാർഥികൾക്കൊപ്പം മുൻനിരയിൽ ഇരിക്കുകയും ചെയ്യുന്നത് സ്ഥിരം പരിപാടിയാക്കി. മാത്രമല്ല അധ്യാപകർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും ചെയ്യും.

രാവിലെ ഒമ്പതിന് സ്കൂൾ തുറന്നാലുടൻ കുരങ്ങൻ സ്കൂൾ പരിസരത്ത് എത്താറുണ്ടെന്നും ക്ലാസുകൾ അവസാനിച്ചതിന് ശേഷം വൈകുന്നേരമാണ് പോകുന്നതെന്നും ഹെഡ്മാസ്റ്റർ രത്തൻ വർമ പറഞ്ഞു.

ബുധനാഴ്ച കുരങ്ങൻ ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി മേശപ്പുറത്ത് ഇരുന്നു. പഠനം തുടങ്ങിയപ്പോൾ അവൻ വീണ്ടും ക്ലാസിലേക്ക് പോയി. പ്രിൻസിപ്പൽ കുരങ്ങിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങ് ക്ലാസ് മുറിയിൽതന്നെ തുടർന്നു.

സ്കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ കുരങ്ങിനെ പിടിച്ച്‌ കാട്ടിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഏതായാലും പഠിക്കാനെത്തുന്ന കുരങ്ങനിപ്പോൾ സമൂഹ മാധ്യമങ്ങളിലും താരമാണ്.

Advertisement