പേഴ്സെടുക്കാൻ ട്രെയിന്‍ ജനാലയിലൂടെ കയ്യിട്ട് കള്ളന്‍; കയ്യില്‍ പിടിച്ച് യാത്രക്കാരന്‍: തൂങ്ങി 15 കി.മീ

Advertisement

പട്ന: ട്രെയിനിന്റെ ജനാലയിൽ കൂടി യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടിയെടുക്കാൻ ശ്രമിച്ച കള്ളന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ട്രെയിനിന്റെ ജനാലയിൽ തൂങ്ങിക്കിടന്ന് യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ കള്ളൻ സ്വപ്‌നത്തിൽ പോലും കാണാത്ത കാര്യമാണ് പിന്നെ നടന്നത്.

കള്ളന്റെ കൈ നീണ്ടുവരുന്നതു കണ്ട മറ്റൊരു യാത്രക്കാരൻ ഇയാളുടെ കൈകളിൽ കയറിപ്പിടിച്ചതോടെ ഇയാൾക്ക് പിടിവിടാനാകാതെയായി. ഇതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങുകയും ചെയ്തു. ട്രെയിനിൽ തൂങ്ങിക്കിടന്ന് 15 കിലോമീറ്ററോളമാണ് ഇയാൾക്കു യാത്ര ചെയ്യേണ്ടിവന്നത്. ഇത്രയും സമയം തൂങ്ങിക്കിടന്ന് ഇയാൾ ചെയ്ത തെറ്റിന് മാപ്പ് പറയുന്നുണ്ടായിരുന്നു. തന്റെ കൈ ഓടിഞ്ഞു പോകുമെന്നും മരിച്ചു പോകുമെന്നും കള്ളൻ കരഞ്ഞു പറഞ്ഞിട്ടും യാത്രക്കാർ വിടാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഖഗാരിയ സ്റ്റേഷനിൽ എത്തിയതിനു ശേഷം ഇയാളെ റെയിൽവേ പൊലീസിനു കൈമാറി. പങ്കജ് കുമാൻ എന്നാണ് മോഷ്ടാവിന്റെ പേര്. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.

ബിഹാറിൽ നിന്നുള്ള ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. അവിടെ ട്രെയിൻ ജനാലകൾ വഴി കവർച്ച പതിവാണ്. ഈ ട്രെയിൻ ബെഗുസാരായിയിൽനിന്നു ഖഗാരിയയിലേക്കുള്ള യാത്ര അവസാനിക്കാറായപ്പോൾ സാഹെബ്പൂർ കമൽ സ്റ്റേഷനു സമീപമാണ് സംഭവം. ജനാലയ്ക്ക് ഉള്ളിലൂടെ കയ്യിട്ട് പഴ്‌സ് തട്ടാനായിരുന്നു ശ്രമം.