മോദിയുടെ പിറന്നാൾ കൊണ്ടാടാൻ രാജ്യത്തുടനീളം വിപുലമായ പരിപാടികൾ

Advertisement

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72-ാം പിറന്നാളിന്റെ നിറവിലാണ്. പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷത്തിനായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാൾ ആഘോഷ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഇന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരമാകും പാർട്ടി വിതരണം ചെയ്യുക.

ഗുജറാത്തിൽ മോദിയുടെ മുഖാകൃതിയിൽ 72,000 ദീപങ്ങൾ തെളിയിക്കാനാണ് പാർട്ടി പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം 72 മരങ്ങൾ നടനും 72 കുപ്പി രക്തം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഡൽഹിയിൽ വിജയ് ഗോയൽ എംപി മോദിക്ക് വേണ്ടി 72 കിലോഗ്രാം ഭാരം വരുന്ന കേക്ക് മുറിച്ച് ആഘോഷിക്കാനാണ് പദ്ധിയിട്ടിരിക്കുന്നത്. ഒപ്പം രാജീവ് ചൗകിലെ മെട്രോ സ്‌റ്റേഷിനിൽ പൊതുജനങ്ങൾക്ക് മോദിക്കായി ആശംസ അറിയിക്കാൻ ‘വോൾ ഓഫ് ഗ്രീറ്റിംഗ്‌സ്’ ഉം സ്ഥാപിച്ചിട്ടുണ്ട്.

ഡൽഹിയിലെ ഒരു ഹോട്ടൽ 56 ഇഞ്ച് വരുന്ന താലി അവതരിപ്പിച്ചുകൊണ്ടാണ് മോദിയുടെ പിറന്നാൾ ആഘോഷമാക്കുന്നത്. 56 ഇഞ്ച് വരുന്ന ഈ സദ്യയിൽ 56 ഇനം ഭക്ഷണങ്ങളുമുണ്ടാകും. പത്ത് ദിവസത്തേക്കാണ് ഇത് ഉണ്ടാവുക. കൊണാട്ട് പ്ലേസിലെ ആർദോർ 2.1 എന്ന ഈ ഭക്ഷണശാലയിലെ താലിക്ക് 2,600 രൂപയാകും വില.

പ്രധാനമന്ത്രിക്ക് ലഭിച്ച 1,200 സമ്മാനങ്ങളുടെ ലേലവും ഇന്ന് നടക്കും.

Advertisement