ചണ്ഢീഗഡ്. യൂനിവേഴ്സിറ്റി വനിത ഹോസ്റ്റലിലെ അറുപതോളം വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രസ്താവനയുമായി സർവകലാശാല.
ആരോപണ വിധേയയായ വിദ്യാർഥിനി സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് പകർത്തി ആൺസുഹൃത്തിന് അയച്ചതെന്നും മറ്റുള്ള വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നും സർവകലാശാല പറഞ്ഞു. വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
വിദ്യാർഥികളുടെ പരാതി പ്രകാരം സർവകലാശാല നിർദേശിച്ചതനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഒരു പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തു. ഹോസ്റ്റലിൽ താമസിക്കുന്ന ഒന്നാം വർഷ എം.ബി.എ വിദ്യാർഥിനിയാണ് പോലീസ് പിടിയിലായത്. മൊഹാലി സൈബർ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്ത് പരിശോധിക്കുകയാണെന്നും സർവകലാശാല വ്യക്തമാക്കി