മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കാശ്മീരിൽ തിയേറ്ററുകൾ തുറന്നു

Advertisement

ശ്രീന​ഗർ; മുപ്പത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജമ്മു കാശ്മീരിൽ തിയേറ്ററുകൾ തുറന്നു.

ഇന്നലെയാണ് ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രണ്ട് സിനിമ ഹാളുകൾ ഉദ്ഘാടനം ചെയ്തത്. പുൽവാമയിലും ഷോപ്പിയാനിലുമാണ് തിയേറ്ററുകൾ തുറന്നത്.

ജമ്മു കാശ്മീരിലെ എല്ലാ ജില്ലകളിലും ഭരണകൂടം അത്തരം തിയേറ്ററുകൾ നിർമ്മിക്കുമെന്നും, സിനിമ പ്രദർശനത്തിന് പുറമെ നൈപുണ്യ വികസന പരിപാടികളും, വിനോദ-വിജ്ഞാന പരിപാടികളും സംഘടിപ്പിക്കുന്നതിനായി അവ ഉപയോഗിക്കുമെന്നും ഉദ്ഘാടന വേളയിൽ മനോജ് സിൻഹ പറഞ്ഞു. ‘ജമ്മു കാശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസം. പുൽവാമയിലും ഷോപ്പിയാനിലും മൾട്ടി പർപ്പസ് സിനിമ ഹാളുകൾ തുറന്നു. സിനിമ പ്രദർശനം, നൈപുണ്യ വികസന പരിപാടികൾ, യുവജനങ്ങളുടെ വിനോദ-വിജ്ഞാന പരിപാടികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു,’ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ വഴിയുള്ള വിനോദം ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച്‌, ഇസ്ലാമിസ്റ്റുകൾ തിയേറ്ററുകൾ അടച്ചുപൂട്ടുന്നത് 32 വർഷങ്ങൾക്ക് മുൻപാണ്. 1990 കൾക്ക് മുൻപ് ജമ്മു കാശ്മീരിൽ ശ്രീനഗർ, അനന്ത്നാഗ്, ബാരാമുള്ള, സോപോർ, ഹന്ദ്വാര, കുപ്വാര തുടങ്ങിയ ഇടങ്ങളിൽ ആയി 19 സിനിമ തിയേറ്ററുകൾ ഉണ്ടായിരുന്നു. അടച്ച്‌ പൂട്ടിയ ശേഷം പലതും വെറുതെ കിടന്ന് നശിക്കുകയും ചിലത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയുമാണ് ഉണ്ടായത്. 1999 ൽ ഫാറൂഖ് അബ്ദുള്ള സർക്കാർ റീഗൽ, നീലം, ബ്രോഡ്വേ എന്നിവിടങ്ങളിൽ സിനിമ പ്രദർശനത്തിന് അനുമതി നൽകി സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആദ്യ ഷോയ്ക്കിടെ ഭീകരാക്രമണം ഉണ്ടായി, ഒരാൾ മരിക്കുകയും പന്ത്രണ്ട് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.