ന്യൂഡൽഹി: സീറ്റ് ബെൽറ്റ് അലാം എല്ലാ സീറ്റിലും നിർബന്ധമാക്കിക്കൊണ്ടുള്ള കരടു ചട്ടങ്ങൾ കേന്ദ്ര, റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി.
പിൻ സീറ്റിൽ ഉൾപ്പെടെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലാം പ്രവർത്തിക്കണമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്.
എം, എൻ കാറ്റഗറി വാഹനങ്ങളിൽ എല്ലാ സീറ്റിലും അലാം വേണം. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഓഡിയോ, വിഡിയോ വാണിങ്ങിലൂടെ യാത്രക്കാരെ അറിയിക്കണം. നാലു ചക്രമുള്ള യാത്രാ വാഹനങ്ങളാണ് എം കാറ്റഗറിയിൽ ഉള്ളത്. നാലു ചക്രമുള്ള ചരക്കു വാഹനങ്ങളാണ് എൻ കാറ്റഗറിയിൽ പെടുക.
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ രണ്ടു തരത്തിലുള്ള വാണിങ് ആണ് വാഹനങ്ങളിൽ ഒരുക്കേണ്ടത്. ഡ്രൈവറെ ഇൻഡിക്കേറ്ററിലൂടെ അറിയിക്കുന്നതാണ് ഫസ്റ്റ് ലെവൽ വാണിങ്. വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് ഇഗ്നിഷൻ കീ ഉപയോഗിക്കുമ്പോൾ തന്നെ സിഗ്നൽ നൽകണം. ഇതോടൊപ്പം ഓഡിയോ വാണിങ്ങും ഉൾപ്പെടുത്താം.
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഡിയോ, വിഡിയോ വാണിങ് നൽകുന്നതാണ് സെക്കൻഡ് ലെവൽ മുന്നറിയിപ്പ്.
ഓവർ സ്പീഡ് അറിയിക്കുന്നതിനുള്ള വാണിങ്, റിവേഴ്‌സ് പാർക്കിങ് അലർട്ട് എന്നിവയും പുതിയ ചട്ടങ്ങൾ നിർദേശിക്കുന്നുണ്ട്.