അരി വില കുതിക്കും : മുന്നറിയിപ്പുമായി ഭക്ഷ്യമന്ത്രാലയം

Advertisement


ന്യൂഡൽഹി: രാജ്യത്ത് അരിവില ഇനിയും കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യമന്ത്രാലയം. ഖാരിഫ് സീസണിൽ ഉൽപ്പാദനം കുറഞ്ഞതിനാൽ ചില്ലറ, മൊത്ത വിൽപ്പന വില ഉയരുമെന്ന് മന്ത്രാലയം പ്രസ്താവനയിറക്കി.

കേന്ദ്ര സർക്കാർ കയറ്റുമതി നയത്തിൽ വരുത്തിയമാറ്റവും വിലക്കുതിപ്പിന് വഴിവെച്ചിട്ടുണ്ട്.

ബസുമതി ഇതര അരിയുടെ കയറ്റുമതി വൻ തോതിൽ ഉയർന്നു. ഉൽപ്പാദനം ഇതിനനുസരിച്ച്‌ ഉയർന്നിട്ടില്ല. ഈ മാസം ആദ്യം കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല.

മന്ത്രാലയത്തിന്റെ റിപ്പോട്ട് പ്രകാരം ഇത്തവണ 10.4കോടി ടണ്ണണ് അരി ഉൽപ്പാദനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണിൽ ഇത് 11.1 കോടി ടണ്ണായിരുന്നു. അരികയറ്റുമതി 11 ശതമാനം ഉയരുകയും ചെയ്തു. രാജ്യത്ത് ചെറുകിട വില സൂചിക പ്രകാരം അരി, ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. അരിവില ആഴ്ചയിൽ 0.24 ശതമാനവും മാസത്തിൽ 2.46 ശതമാനവുമാണ് കൂടുന്നത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്‌ സെപ്തംബറിൽ 8.67 ശതമാനമാണ് വിലക്കയറ്റം. അഞ്ച് വർഷത്തിനിടെ ശരാശരി 15.14 ശതമാനമാണ് അരിവില ഉയർന്നത്.

Advertisement