ഗെലോട്ടിനു പകരം സച്ചിൻ രാജസ്ഥാൻ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

Advertisement

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകും. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെലോട്ട് സ്ഥാനമൊഴിയുന്നതിനു പിന്നാലെയായിരിക്കും നിയമനം.

മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന നേതാവ് സി.പി.ജോഷിയും രംഗത്തുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ സച്ചിൻ പൈലറ്റിനാണ്. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്നു വൈകിട്ട് ഏഴിന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ജയ്പുരിൽ ഗെലോട്ടിന്റെ വസതിയിലാണ് യോഗം.

നിരീക്ഷകനായി മല്ലികാർജുൻ ഖർഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും പങ്കെടുക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കാനാണു സാധ്യത. മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ ക്യാംപിന്റെ ആവശ്യം. ഇതിനിടെയാണ് വൈകിട്ട് ഏഴിന് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നത്. 2018ൽ ഭരണം പിടിക്കാൻ മുന്നിൽ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.

സ്പീക്കർ സി.പി.ജോഷിയുമായും എംഎൽഎമാരുമായും സച്ചിൻ കൂടിക്കാഴ്ച നടത്തും. എന്നാൽ, നേരത്തേ സച്ചിൻ ക്യാംപിലായിരുന്ന സി.പി.ജോഷിയെ മുന്നിൽ നിർത്തിയാണ് അശോക് ഗെലോട്ട് നീക്കങ്ങൾ നടത്തുന്നത്. ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്നയാളെ മുഖ്യമന്ത്രിയാക്കുക എന്ന നയത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഗെലോട്ട് ആവശ്യപ്പെടും. എംഎൽഎ ശാന്തി ധരിവാൾ, പിസിസി അധ്യക്ഷൻ ഗോവിന്ദ് ദോതസര എന്നീ പേരുകളും മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നിട്ടുണ്ട്.

Advertisement