തിരുപ്പതി: ആന്ധ്രപ്രദേശിലെ പ്രശസ്‌തമായ തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ക്ഷേത്രം ട്രസ്‌റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിനു (ടിടിഡി) 85,705 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നു ചെയർമാൻ വൈ.വി.സുബ്ബ റെഡ്ഡി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്‌റ്റായാണ് ടിടിഡിയെ കണക്കാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കറിലായി 960 പ്രോപ്പർട്ടികൾ ഉണ്ടെന്നും ഇവയുടെ ആകെ മൂല്യം 85,705 കോടിയോളം വരുമെന്നും സുബ്ബ റെഡ്ഡി വ്യക്തമാക്കി. സർക്കാരിന്റെ കണക്കനുസരിച്ചാണ് ഇത്. വിപണിവില കണക്കാക്കുകയാണെങ്കിൽ ആകെ മൂല്യം 2 ലക്ഷം കോടി കവിയുമെന്നു തിരുപ്പതി ദേവസ്ഥാന ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപവും 14 ടൺ സ്വർണശേഖരവും ടിടിഡിക്കുണ്ട്. ആദ്യമായാണ് ടിടിഡി സ്വത്തുവകകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുന്നത്.