ശസ്ത്രക്രിയക്കിടെ രണ്ട് വൃക്കകളും നീക്കം ചെയ്തു; പരാതിയുമായി യുവതി

Advertisement


പാറ്റ്ന: മുസാഫർപൂരിൽ ശസ്ത്രക്രിയക്കെത്തിയ യുവതിയുടെ വൃക്കകൾ രോഗിയറിയാതെ നീക്കം ചെയ്തെന്ന് പരാതി.
ബരിയാർപൂർ പ്രദേശത്തെ നഴ്സിംഗ് ഹോം ആയ ശുഭ്കാന്ത് ക്ലിനിക്കിലാണ് സംഭവം നടന്നത്.

അനധികൃതമായാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നഴ്സിംഗ് ഹോമിൻറെ ഉടമകൾക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെയും സംഭവത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. ഇവരെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ശുഭ്കാന്ത് ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി കഴിഞ്ഞ സെപ്തംബർ മൂന്നാം തീയതിയാണ് ക്ലിനിക്കിൽ എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം യുവതി വീട്ടിലെത്തിയെങ്കിലും കടുത്ത വയറുവേദന അനുഭവപ്പെട്ടു. വേദന അസഹനീയമായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിലാണ് യുവതിയുടെ വൃക്കകൾ നീക്കം ചെയ്തതായി കണ്ടെത്തിയത്. യുവതി സെപ്റ്റംബർ 15 മുതൽ പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡയാലിസിസ് ചെയ്തു വരികയാണ്. യുവതിയുടെ നില അതീവഗുരുതരമാണെന്ന് ഐജിഐഎംഎസിൽ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.

“ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് വയറുവേദന വന്നു. സെപ്തംബർ ഏഴിന് ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് യുവതിയെ പോയി. അവിടെ നടന്ന പരിശോധനയിലാണ് യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കിയത്’- സക്ര പൊലീസ് ഇൻസ്പെക്ടർ സരോജ് കുമാർ പറഞ്ഞു.

അതേസമയം ഇരു വൃക്കകളും നീക്കം ചെയ്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഐജിഐഎംഎസിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ രാജേഷ് തിവാരി പറഞ്ഞു. ഡയാലിസിസിനിടെ അവരുടെ ജീവൻ തിരിച്ച്‌ പിടിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ യുവതിയെ ജീവിതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവരുവാനാകുമെന്ന് ഡോക്ടർ വ്യക്തമാക്കി.

ശുഭ്കാന്ത് ക്ലിനിക്കിന്റെ ഉടമ പവൻ കുമാർ, ആർ.കെ. സിംഗ്, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മൂന്ന് പേരും ഒളിവിലാണ്. കേസിലെ പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് സക്ര പൊലീസ് ഇൻസ്പെക്ടർ സരോജ് കുമാർ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ ചികിത്സയുടെ ചെലവ് വഹിക്കാമെന്ന് സംസ്ഥാന സർക്കാർ യുവതിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഐജിഐഎംഎസ് പ്രിൻസിപ്പൽ ഡോക്ടർ രഞ്ജിത് ഗുഹ പറഞ്ഞു.

Advertisement