മുംബൈ: മണിക്കൂറുകളോളം ഫോണിൽ ചെലവിടുന്നത് ശരീരത്തെ മാത്രമല്ല, മനസിനെയും ദോഷകരമായാണ് ബാധിക്കുക.
എന്നാൽ പലപ്പോഴും ഫോൺ അഡിക്ഷൻ ഉള്ളവർക്ക് തന്നെ അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയില്ല എന്നതാണ് സത്യം. ദിവസത്തിൽ ഏതാനും മണിക്കൂറുകൾ ഫോൺ മാറ്റിവച്ചുകൊണ്ട് തന്നെ ചിലവിടാൻ സാധിക്കണം. ഇത്തരത്തിൽ ഫോൺ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ടി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം കണ്ടെത്തിയിരിക്കുന്ന വ്യത്യസ്തമായൊരു മാർഗം ഇപ്പോൾ കാര്യമായ ചർച്ചകൾ ഉയർത്തുകയാണ്.
മഹാരാഷ്ട്രയിലെ സംഗ്ലിയിൽ മോഹിത്യാഞ്ചെ വഡ്ഗാവോൻ എന്ന ഗ്രാമത്തിലാണ് ഗ്രാമമുഖ്യൻറെ നേതൃത്വത്തിൽ വ്യത്യസ്തമായ നിയമം നടപ്പിലാക്കിയിരിക്കുന്നത്. നിർബന്ധമായും ദിവസത്തിലെ ഒന്നര മണിക്കൂർ ഫോൺ മാറ്റിവയ്ക്കുകയെന്നതാണ് ഇവർ നടപ്പിലാക്കിയിരിക്കുന്ന നിയമം.
ഇതെങ്ങനെയാണ് നടപ്പിലാക്കുകയെന്നാൽ വൈകീട്ട് ഏഴ് മണിയോടെ ഒരു സൈറൺ മുഴങ്ങും. ഇതോടെ ഫോൺ മാറ്റിവയ്ക്കണം. ഫോൺ മാത്രമല്ല, ടിവി, റേഡിയോ, കംപ്യൂട്ടർ അടക്കമുള്ള ഇത്തരത്തിലുള്ള ഉപകരണങ്ങളെല്ലാം മാറ്റിവയ്ക്കണം. എട്ടര വരെ വായന, എഴുത്ത്, പഠനം, മുതിർന്നവരാണെങ്കിൽ കുടുംബാംഗങ്ങളുമായോ മറ്റോ സംസാരം എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാം.
ഈ നിയമം എല്ലാവരും പാലിക്കുന്നുണ്ടോ എന്നറിയാൻ വാർഡ് തലത്തിൽ പ്രത്യേകസമിതിയെയും പഞ്ചായത്ത് ഏർപ്പാടാക്കിയിട്ടുണ്ട്. ആദ്യമെല്ലാം പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കുമ്പോൾ ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും ഇതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്നും എന്നാ്‍ പിന്നീട് എതിർത്തവർ പോലും ഇതിനോട് താൽപര്യം കാണിക്കുകയായിരുന്നുവെന്നും ഗ്രാമമുഖ്യനായ വിജയ് മോഹിത് പറയുന്നു. എന്തായാലും വ്യത്യസ്തമായ ഈ ചുവടുവയ്പ് വലിയ രീതിയിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
മൊബൈൽ ഫോൺ ഉപയോഗം ക്രമാതീതമായി വർധിച്ചതോടെ മനുഷ്യബന്ധങ്ങളും, മനുഷ്യരുടെ ബൗദ്ധികമായ നിവാരവും തകർച്ചയിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നുവെന്നും അതിന് പരിഹാരമാണ് ഇത്തരത്തിലുള്ള മുന്നേറ്റങ്ങളെന്നും വാർത്തയോട് യോജിപ്പായി പ്രതികരിച്ചവരാണ് ഏറെയും. അതേസമയം ഈ ഡിജിറ്റൽ യുഗത്തിൽ ഇത്തരത്തിലുള്ള നിർബന്ധിതമായ നിയന്ത്രണമേർപ്പെടുത്തരുതെന്ന് പറയുന്നവരും ഉണ്ട്.