മുംബൈ: ആഗോള വിപണിയിൽ വീണ്ടും ചരിത്ര തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. നിലവിൽ ഒരു ഡോളറിന് 81.52 എന്നതാണ് വിനിമയ നിരക്ക്.
തകർച്ച തടയാൻ ആർബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
പണപ്പെരുപ്പം തടയാൻ യുഎസ് ഫെഡറൽ റിസർവ് നടത്തിയ ഇടപെടലാണ് വലിയ തകർച്ചയിലേക്ക് രൂപയെ കൂപ്പുകുത്തിച്ചത്. എന്നാൽ വർഷങ്ങളായി രൂപ നേരിട്ടുകൊണ്ടിരിക്കുന്ന വിലയിടിവ് കേന്ദ്രസർക്കാരിൻറെ തെറ്റായ പരിഷ്കാരങ്ങളെ തുടർന്നാണെന്നാണ് ഉയരുന്ന വിമർശനം. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ 2014 മെയിലെ 59.44 എന്ന നിലയിൽ നിന്നാണ് വൻ വിലയിടിവ്. 2008ലെ ആഗോള മാന്ദ്യത്തിലും 2013ലും നേരിട്ട തകർച്ചയെക്കാൾ ഇത്തവണ കാഠിന്യം കടുക്കാൻ സാധ്യതയേറെയാണ്.
ലോകസാമ്പത്തികരംഗത്ത് ഇപ്പോഴും പിടിച്ചുനിൽക്കുന്നത് ഇന്ത്യൻ രൂപയാണെന്നായിരുന്നു ധനമന്ത്രി നിർമലാ സീതാരാമൻറെ വാദം. നിലവിലെ സാഹചര്യത്തെ ധനമന്ത്രാലയവും റിസർവ് ബാങ്കും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ, തകർച്ച തടയാൻ ആർബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ പക്ഷം. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ആർബിഐയുടെ പുതിയ പണവായ്പാനയത്തിൽ അരശതമാനത്തോളം വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. രൂപ ക്ഷയിക്കുന്നത് ഇന്ത്യൻ സമ്പദ് മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും തിരിച്ചടി സൃഷ്ടിക്കും. വിലക്കയറ്റവും ഓഹരിവിപണി തകർച്ചയും രൂക്ഷമാക്കും.
എട്ട് വർഷത്തെ എൻഡിഎ ഭരണത്തിൽ 22 രൂപയോളമാണ് വിലയിടിഞ്ഞത്. 1945ൽ ഐഎംഎഫ് രൂപീകരിക്കുമ്പോൾ സ്ഥാപക അംഗമായ ഇന്ത്യയുടെ കറൻസിക്ക് മൂന്ന് രൂപ മുപ്പത് പൈസയായിരുന്നു ഡോളറിനോടുള്ള വിനിമയ മൂല്യം. പല കാലങ്ങളിലായി തകർന്ന് തകർന്ന് തരിപ്പണമാകുകയാണ് ഇന്ത്യൻ രൂപ.
രൂപയുടെ മൂല്യത്തോടൊപ്പം മറ്റ് ഏഷ്യൻ കറൻസികളും സമ്മർദത്തിലാണ്. ദക്ഷിണ കൊറിയയുടെ വോൺ 1.4ശതമാനവും തായ് വാൻ ഡോളർ 0.6ശതമാനവും തായ് ബട്ട് 0.59ശതമാനവും ഫിലിപ്പീൻസ് പെസോ 0.57ശതമാനവും ഇന്ത്യനേഷ്യൻ റുപ്യ 0.53ശതമാനവും ചൈനീസ് റെൻമിൻബി 0.53ശതമാനവും ജപ്പാനീസ് യെൻ 0.47ശതമാനവും മലേഷ്യൻ റിങ്കിറ്റ് 0.44ശതമാനവും സിങ്കപുർ ഡോളർ 0.3ശതമാനവും ഇടിഞ്ഞു