ഒരു മാസം പ്രയമായ കുഞ്ഞിന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്

Advertisement

മുംബൈ : കുരങ്ങിന്റെ ആക്രമണത്തിൽ ഒരു മാസം പ്രായമായ കുഞ്ഞിന് പരിക്ക്. അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ കുരങ്ങ് ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്.

മഹാരാഷ്‌ട്രയിലെ താനെ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം താനെയിലെ ഷിൽ ദായിഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് പ്രദേശവാസിയായ യുവതി കൈക്കുഞ്ഞുമായി എത്തിയത്. സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ കുരങ്ങൻ യുവതിയുടെ മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് ശ്രമിച്ചു. ഈ സമയം കുഞ്ഞിനെ യുവതി മുറുകെ പിടിച്ചിരുന്നു.പിന്നാലെ പോലീസ് കുരങ്ങിനെ ഓടിച്ച്‌ വിടുകയായിരുന്നു.

തലയിൽ പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ തലയിൽ അഞ്ച് തുന്നലുകളുണ്ട്. നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. വനംവകുപ്പ് സ്റ്റേഷനിൽ എത്തി കുരങ്ങിനെ പിടിച്ചു.

സ്‌റ്റേഷനിലേക്ക് കയറുന്നതിനിടയിൽ കുരങ്ങിനെ കണ്ടിരുന്നു. ഓടിക്കാൻ ശ്രമിക്കുമ്പോഴേക്കും കുഞ്ഞിനു വേണ്ടി കുരങ്ങ് ചാടി വീണു. കുരങ്ങിന്റെ ആക്രമണത്തിൽ ആകെ ഭയന്നു പോയി. എങ്ങനെയോ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചുവെന്ന് യുവതി പറഞ്ഞു.

Advertisement