ന്യൂഡല്‍ഹി: കിസാന്‍ വികാസ് പത്രയുടെ മികവറിയാമോ, കേന്ദ്രസര്‍ക്കാരിന്റെ ലഘുസമ്ബാദ്യ പദ്ധതികളില്‍ മികച്ച ഒന്നാണ് ഈ നിക്ഷേപപദ്ധതി.
കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് കാലാവധിയായ 124 മാസം കഴിയുമ്‌ബോള്‍ ഇരട്ടി തുക ലഭിക്കുമെന്നതാണ് പ്രത്യേകത. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്.
നിലവില്‍ 6.9 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്ബാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്‌ബോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്. ചിലപ്പോള്‍ പലിശനിരക്കില്‍ മാറ്റം വരുത്താറില്ല.
കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്.
124 മാസമാണ് കാലാവധി. അതായത് 10 വര്‍ഷവും നാലുമാസവും. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി.
ഇടയ്ക്ക് വച്ച് തുക പിന്‍വലിച്ചില്ലെങ്കില്‍ പത്തുവര്‍ഷം കഴിയുമ്‌ബോള്‍ നിക്ഷേപിച്ചതിന്റെ ഇരട്ടി തുക ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ ആകര്‍ഷണീയത. നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്‌ബോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്‌ബോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി സഹായകമാണ്.
നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും.