അമൃത്സര്‍; ഈമാസം ആദ്യം കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ പണമില്ലാതെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ നട്ടം തിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാരിന്റെ സൗജന്യ പദ്ധതികളെല്ലാം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ധാരാളം സൗജന്യ വാഗ്ദാനങ്ങളാണ് ആം ആദ്മി മുന്നോട്ട് വച്ചിരുന്നത്.
പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ആറ് മാസം മാത്രമാണ് ആകുന്നത്. ജൂലൈ ഒന്ന് മുതല്‍ എല്ലാ വീടുകളിലും സര്‍ക്കാര്‍ സൗജന്യ വൈദ്യുതിയാണ് നല്‍കുന്നത്. 300 യൂണിറ്റ് വൈദ്യുതിക്കാണ് പണം നല്‍കേണ്ടാത്തത്. ഇത് സര്‍ക്കാരിന് 1800 കോടി രൂപയുടെ അധിക ബാധ്യതയാണ് പ്രതിമാസം സൃഷ്ടിക്കുന്നത്. 15,845 കോടി രൂപയുടെ വൈദ്യതി സബ്‌സിഡി നിര്‍ദ്ദേശമാണ് ബജറ്റില്‍ ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ഇത് 13 443 കോടി രൂപയായിരുന്നു.
അതേസമയം പതിനെട്ട് വയസ് തികഞ്ഞ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം ആയിരം രൂപ നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല. സംസ്ഥാനത്ത് ആകെ ഒരു കോടിയോളം വനിതാ വോട്ടര്‍മാരാണ് ഉള്ളത്. അതായത് ഈ വാഗ്ദാനം നിറവേറ്റണമെങ്കില്‍ പ്രതിവര്‍ഷം 12000 കോടി രൂപ വേണ്ടി വരുമെന്ന് സാരം.
ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം ഒരാഴ്ചയോളം വൈകിയാണ് സര്‍ക്കാരിന് നല്‍കാന്‍ സാധിച്ചത്. കഴിഞ്ഞ മാസം വരെ എല്ലാ ഒന്നാം തീയതിയും ഇവര്‍ക്ക് വേതനം കിട്ടിയിരുന്നു. ചരക്കുസേവന നികുതി സമ്പ്രദായത്തിലെ പഞ്ചവത്സര നഷ്ടപരിഹാരം നല്‍കല്‍ കാലം അവസാനിച്ചതാകാം ഈ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയത് എന്നൊരു വിലയിരുത്തലുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി 15,000 കോടി രൂപ ലഭിച്ചിരുന്നു.