സൂറത്ത്: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ എത്തുന്നതും കാത്തിരിക്കുകയാണു നാട്ടുകാർ. മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങൾ പുറംഭാഗത്തു ടാറ്റൂ ചെയ്താണു മോദിയെ സ്വീകരിക്കാൻ സൂറത്തിലെ സ്ത്രീകൾ ഒരുങ്ങുന്നത്.
മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട് ചീറ്റപ്പുലികളെ നമീബിയയിൽനിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. അതിനാലാണ് ചീറ്റയും ടാറ്റുവിൽ ഇടം പിടിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
‘മോദിജിക്ക് സൂറത്തിലേക്ക് സ്വാഗതം’, ‘ചീറ്റകൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം’ എന്നിങ്ങനെ പുറത്ത് കുറിച്ച നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നത്. അടുത്ത നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുന്ന ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പരിപാടികൾ കൊഴുപ്പിക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. സൂറത്തിലെ സ്ത്രീകൾ മുതുകിൽ മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങൾ വരയ്ക്കുന്ന ഫോട്ടോകൾ ഗുജറാത്തിലെ പ്രമുഖ ദിനപത്രമായ നവഭാരതി ടൈംസാണു പുറത്തുവിട്ടത്. പിന്നാലെ ദേശീയ മാധ്യമങ്ങളും വാർത്തയാക്കി.