റിസർവേഷൻ അല്ലാത്ത ടിക്കറ്റുകളും വിരൽത്തുമ്പിൽ; ‘യുടിഎസ് ഓൺ മൊബൈൽ’ പരിഷ്‌കരിച്ച്‌ റെയിൽവെ

Advertisement

കൊച്ചി: വിപുലമായ സൗകര്യങ്ങളുമായി ‘യുടിഎസ് ഓൺ മൊബൈൽ’ ടിക്കറ്റിങ് ആപ്പ് റെയിൽവേ പരിഷ്‌കരിച്ചു.

റിസർവേഷൻ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസൺ ടിക്കറ്റും ഇതിലൂടെ സ്വയം എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേർന്ന് വരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളിലെ വലിയ വരികൾ കാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ഈ ആപ്പ് സഹായിയ്ക്കും.

തീവണ്ടിപ്പാതയിൽ നിന്ന് 20 മീറ്റർ ദൂരത്തിനുള്ളിൽ വന്നാൽ ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സാധാരണക്കാരനെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. സ്റ്റേഷനിൽ എത്തിയശേഷം ആപ്പ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കുവാൻ പറ്റിയിരുന്നില്ല. ഇതിനുള്ള പരിഹാരമാണ് അവസാനമായി റെയിൽവേ കൊണ്ടുവരുന്നത്. സ്റ്റേഷനുകളിൽ പതിച്ചിട്ടുള്ള ക്യുആർ കോഡ്, ആപ്പിലൂടെ സ്‌കാൻ ചെയ്താൽ, പ്രസ്തുത സ്റ്റേഷനിൽ നിന്നുള്ള ടിക്കറ്റ് പ്ലാറ്റുഫോമിൽ പ്രവേശിയ്ക്കുന്നതിന് മുമ്പ് തന്നെ എടുക്കാൻ കഴിയും.

സ്റ്റേഷനിൽ എത്തിയശേഷം ടിക്കറ്റ് എടുക്കുന്നതിന്, ആപ്പിലുള്ള ‘ക്യുആർ ബുക്കിങ്’ എന്ന ഓപ്ഷൻ ഉപയോഗിയ്ക്കണം. തുടർന്ന് യാത്ര ടിക്കറ്റാണോ പ്ലാറ്റ്‌ഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം. സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യുആർ കോഡ്, ഫോൺ ഉപയോഗിച്ച്‌ സ്‌കാൻ ചെയ്യണം. അപ്പോൾ ആ സ്റ്റേഷന്റെ പേര് കിട്ടും. തുടർന്ന് പഴയതുപോലെ ടിക്കറ്റ് എടുക്കാം.

ഈ ആപ്പ് ഉപയോഗിച്ച്‌ ടിക്കറ്റ് എടുക്കുന്നവർ പരിശോധന സമയത്ത് മൊബൈൽ ഫോണിൽ ടിക്കറ്റ് കാണിച്ചാൽ മതി. അതിന് നെറ്റ് കണക്ഷൻ ആവശ്യമില്ല. അതല്ല, പേപ്പർ ടിക്കറ്റ് തന്നെ വേണമെന്നുള്ളവർക്ക്, ടിക്കറ്റിന്റെ നമ്പർ നൽകി, സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിൽ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്‌തെടുക്കുവാനും കഴിയും. ആപ്പ് ഉപയോഗിച്ച്‌ റിസർവേഷൻ ടിക്കറ്റുകൾ എടുക്കാനാകില്ല. സീസൺ ടിക്കറ്റ് എടുക്കുമ്പോൾ പിറ്റേ ദിവസത്തെ യാത്ര മുതലാണ് അനുവദനീയമായിട്ടുള്ളത്. ഇത് പ്രത്യേകം ശ്രദ്ധിയ്ക്കണം.

യഥാർത്ഥ ടിക്കറ്റ് നിരക്ക് മാത്രം നൽകിയാൽ മതി, മറ്റ് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ലയെന്നതാണ് യുടിഎസ് ഓൺ മൊബൈൽ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ആപ്പിലുള്ള റെയിൽ വാലറ്റിൽ മുൻകൂർ പണം നിക്ഷേപിച്ചോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകൾ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാവുന്നതാണ്. റെയിൽ വാലറ്റിൽ നിക്ഷേപിയ്ക്കുന്ന മുൻകൂർ തുകയ്ക്ക് നിലവിൽ മൂന്ന് ശതമാനം ബോണസ് നൽകുന്നുണ്ട്.

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ, ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ‘സെന്റ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ഏറെ പ്രയോജനകരമായ ഈ അപ്ലിക്കേഷൻ വികസിപ്പിയ്ക്കുകയും നിരന്തരം നവീകരിയ്ക്കുകയും ചെയ്യുന്നതാണ്.

Advertisement