‘കോണ്ടം വേണോ?’: സാനിറ്ററി പാഡ് വേണമെന്ന പെൺകുട്ടിയുടെ അപേക്ഷയ്ക്ക് ഐഎഎസ് ഉദ്യോഗസ്ഥയുടെ ഞെട്ടിക്കുന്ന മറുപടി

Advertisement

പാട്ന: സർക്കാരിന്റെ സൗജന്യ സാനിറ്ററി പാഡുകളെ കുറിച്ച്‌ ചോദിച്ച പെൺകുട്ടിയോട് ഞെട്ടിക്കുന്ന മറുപടിയുമായി ബിഹാർ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ.

‘സശക്ത് ബേട്ടി, സമൃദ്ധ് ബിഹാർ’ എന്ന പരിപാടിയ്ക്കിടെയാണ് സംഭവം.

സർക്കാരിന് സാനിറ്ററി പാഡുകൾ നൽകാൻ കഴിയുമോ? എന്ന് വിദ്യാർത്ഥിനി ചോദിച്ചു. അതിന് ‘നാളെ നിങ്ങൾ പറയും സർക്കാരിന് ജീൻസും നൽകാമെന്ന്. അതിനു ശേഷം എന്തുകൊണ്ട് മനോഹരമായ ഷൂസ് നല്കാൻ പാടില്ല?’ എന്നായിരുന്നു ഐഎഎസ് ഓഫീസർ ഹർജോത് കൗർ ഭമ്രയുടെ മറുപടി.

കുടുംബാസൂത്രണ രീതികളും ഗർഭനിരോധന ഉറകളും സർക്കാർ നിങ്ങൾക്ക് നൽകുമെന്ന് ഒടുവിൽ നിങ്ങൾ പ്രതീക്ഷിക്കുമെന്നും ഐഎഎസ് ഉദ്യോഗസ്ഥ കൂട്ടിച്ചേർത്തു.

അതേസമയം, ജനങ്ങളുടെ വോട്ടാണ് സർക്കാരിനെ ഉണ്ടാക്കുന്നതെന്ന് വിദ്യാർത്ഥിനി ഓർമ്മിപ്പിച്ചപ്പോൾ ‘ഇത് മണ്ടത്തരത്തിന്റെ കൊടുമുടിയാണ്. എങ്കിൽ വോട്ട് ചെയ്യരുത്. പാകിസ്ഥാൻ ആകുക. പണത്തിനും സേവനത്തിനും വേണ്ടിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്?,’ എന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി.

ഐഎഎസ് ഉദ്യോഗസ്ഥയായ ഹർജോത് കൗർ ഭമ്ര സംസ്ഥാന വനിതാ ശിശു വികസന കോർപ്പറേഷന്റെ മേധാവിയാണ്. കോർപ്പറേഷൻ യുണിസെഫിന്റെയും മറ്റ് സംഘടനകളുടെയും പങ്കാളിത്തത്തോടെ ചൊവ്വാഴ്ച സംഘടിപ്പിച്ച ചടങ്ങിനിടെയാണ് ഉദ്യോഗസ്ഥയുടെ വിവാദ പ്രസ്താവന.

Advertisement