ന്യൂഡൽഹി: കേന്ദ്രസർക്കാർ അഞ്ചു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി. 81,000 ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിന് ഉണ്ടായിരുന്നത്.
വിവിധ സംസ്ഥാനങ്ങൾ നിരോധനം നടപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. കേന്ദ്ര വിജ്ഞാപനത്തിന്റെ ചുവടു പിടിച്ച് സംഘടനയുടെ പ്രവർത്തനങ്ങൾ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും തമിഴ്‌നാടും ഉത്തരവിറക്കി. കർണാടകയിലെ മംഗളൂരുവിൽ സംഘടനയുടെ 12 ഓഫിസുകൾ അടച്ചുപൂട്ടി.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) എട്ട് അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്കു നിരോധിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമാണു നടപടി. ഐഎസ് ഉൾപ്പെടെ രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുള്ള പോപ്പുലർ ഫ്രണ്ടിനെ അടിയന്തരമായി നിരോധിച്ചില്ലെങ്കിൽ രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്നും തീവ്രവാദത്തിൽ അധിഷ്ഠിതമായ ഭരണം രാജ്യത്ത് അടിച്ചേൽപിക്കാൻ ശ്രമമുണ്ടാവുമെന്നും ഇന്നലെ പുലർച്ചെ 5.43നു പുറത്തിറക്കിയ വിജ്ഞാപനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട്, റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവയുടെ അംഗീകാരം ആദായ നികുതി വകുപ്പും റദ്ദാക്കി.
ഈ മാസം 22നും 27നുമായി കേരളമടക്കം 16 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ 286 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ നടപടി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് യുപി,കർണാടക,ഗുജറാത്ത് സർക്കാരുകൾ ശുപാർശ ചെയ്തതായി കേന്ദ്രം വ്യക്തമാക്കി.
നിരോധിക്കപ്പെട്ട സംഘടനകൾ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
നാഷനൽ വിമൻസ് ഫ്രണ്ട്
ജൂനിയർ ഫ്രണ്ട്
ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ
നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (NCHRO)
എംപവർ ഇന്ത്യ ഫൗണ്ടേഷൻ
റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ
റീഹാബ് ഫൗണ്ടേഷൻ കേരള