മത്സരിക്കാൻ വാസ്നിക്കും?; ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

Advertisement

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മുകുൾ വാസ്നിക്കും മത്സരിച്ചേക്കുമെന്നു സൂചന. എഐസിസി പ്രവർത്തകസമിതിയംഗം എ.കെ.ആന്റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കില്ലെന്നു വ്യക്തമാക്കിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുകുൾ വാസ്നിക് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അശോക് ഗെലോട്ട് വ്യാഴാഴ്ചയാണ് പിന്മാറിയത്.

അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശശി തരൂരും ദിഗ്‌വിജയ് സിങ്ങുമാണ് നിലവിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. 2019ലെ പൊതുതിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ, ആ സ്ഥാനത്തേക്ക് മുകുൾ വാസ്നിക്കിന്റെ പേരും ഉയർന്നുവന്നിരുന്നു.

മഹാരാഷ്ട്രയിൽ നിന്നുള്ള ദലിത് നേതാവായ വാസ്‌നിക് നരസിംഹറാവു സർക്കാരിൽ കായികം, യുവജനകാര്യം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്തും മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്നു.

Advertisement