ന്യൂഡൽഹി: ഹൈക്കമാൻഡ് പിന്തുണയോടെ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി. എ.കെ.ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ മല്ലികാർജുൻ ഖർഗെയ്ക്കുണ്ട്.
എ.കെ.ആന്റണി ഖർഗെയുടെ പത്രികയിൽ ഒപ്പിട്ടു. പ്രമോദ് തിവാരി, പി.എൽ.പുനിയ, താരിഖ് അൻവർ തുടങ്ങിയ നേതാക്കൾ ഖർഗെയുടെ വസതിയിലെത്തി. ജി 23 നേതാക്കളിൽ ചിലരുടെ പിന്തുണയും മല്ലികാർജുൻ ഖർഗെയ്ക്കുണ്ട്. ഇതോടെയാണ് ഖർഗെയെ ഒത്തുതീർപ്പ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ രാത്രിയാണ് മല്ലികാർജുൻ ഖർഗെയുടെ പേര് ഉയർന്നുവന്നത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെ മത്സരിപ്പിക്കാനായിരുന്നു ഹൈക്കമാൻഡ് ആലോചിച്ചിരുന്നത്. എന്നാൽ ദിഗ്‌വിജയ് സിങ്ങിന് പിന്തുണ കുറവാണെന്നു കണ്ടതോടെയാണ് അന്വേഷണം ഖർഗെയിലെത്തിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരത്തിൽ നിന്നും പിൻമാറിയതോടെയാണ് ഔദ്യോഗിക സ്ഥാനാർഥിയെ നിർണയിക്കുന്നതിൽ വലിയ പ്രതിസന്ധി ഉടലെടുത്തത്. തുടർന്ന് ദിഗ്‌വിജയ് സിങ്ങിനെ പരിഗണിക്കുകയായിരുന്നു. എന്നാൽ മല്ലികാർജുൻ ഖർഗെ രംഗത്തെത്തിയതോടെ ദിഗ്‌വിജയ് സിങ് മത്സരത്തിൽ നിന്നും പിൻമാറുമെന്നാണ് വിവരം. ഖർഗെ മത്സരിച്ചാൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് പദവി രാജിവച്ചേക്കും. ഒരാൾക്ക് ഒരു പദവി നയത്തിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മുൻപായി ശശി തരൂർ പത്രിക സമർപ്പിക്കും. വൈകാതെ ഖർഗെയും പത്രിക നൽകും. ഖർഗെയോട് മത്സരത്തിനിറങ്ങാൻ കഴിഞ്ഞ രാത്രിയാണ് കെ.സി.വേണുഗോപാൽ നിർദേശം നൽകിയതെന്നാണ് വിവരം. എന്നാൽ ഗാന്ധി കുടുംബത്തിന് സ്ഥാനാർഥികളില്ലെന്നു കെ.സി.വേണുഗോപാൽ പറഞ്ഞു.