ന്യൂഡൽഹി: പുക പരിശോധന സർട്ടിഫിക്കറ്റില്ലാതെ ഡൽഹിയിൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതൽ പമ്പുകളിൽനിന്ന് പെട്രോളും ഡീസലും ലഭിക്കാൻ സർട്ടിഫിക്കറ്റ് വേണം.
രണ്ട് മാസങ്ങൾക്കപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത് പിടിച്ചുനിർത്താനുള്ള സർക്കാർ നീക്കം. ഗതാഗത വകുപ്പിൻറെ കണക്കുപ്രകാരം സംസ്ഥാനത്ത് 13 ലക്ഷം ഇരുചക്രവാഹനങ്ങൾക്കും നാലുലക്ഷം കാറുകൾക്കും നിലവിൽ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ല.
ഈ മാസം 25 മുതൽ എല്ലാ വാഹനങ്ങൾക്കും പമ്പുകളിൽനിന്ന് പെട്രോളും ഡീസലും ലഭിക്കണമെങ്കിൽ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് വേണം. പരിസ്ഥിതി-ഗതാഗത-ട്രാഫിക് വകുപ്പുകളുടെ അവലോകന യോഗത്തിനുശേഷമാണ് തീരുമാനം. സർട്ടിഫിക്കറ്റില്ലാത്ത വാഹനയുടമയ്ക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും നൽകാനും വകുപ്പുണ്ട്.
ഡൽഹിയിൽ വായൂമലിനീകരണ തോത് ഉയർന്നുനിൽക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വാഹനങ്ങളിലെ മലിനീകരണമാണ്. നീക്കത്തോട് പൊതുവെ അനുകൂലമായാണ് ഡൽഹിക്കാരുടെ പ്രതികരണം.