മസ്ക്കറ്റ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നാളെ ഒമാനിലെത്തും. ഇത് രണ്ടാം തവണയാണ് വി. മുരളീധരൻ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തുന്നത്. ഇന്ത്യയ്ക്കും ഒമാനുമിടയിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർന്നുവരുന്ന ഉന്നതതല സന്ദർശനങ്ങളുടെ ഭാഗമായാണ് വി. മുരളീധരന്റെ ഒമാൻ സന്ദർശനമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും വി. മുരളീധരൻ ചർച്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങൾക്ക് പുറമെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാവും.
ഒമാനിലെ ഇന്ത്യൻ സമൂഹത്തെയും വി. മുരളീധരൻ അഭിസംബോധന ചെയ്യും. ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്‍, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ഒമാനിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്‍താവനയിൽ അറിയിച്ചിട്ടുണ്ട്.