ബാറ്ററി തീർന്നു, മം​ഗൾയാൻ വിടവാങ്ങുന്നു

Advertisement

ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലൻറുമായി ബന്ധം പൂർണ്ണമായി നഷ്ടമായി എന്ന് റിപ്പോർട്ട്. ‘മംഗൾയാൻ’ പേടകത്തിൻറെ ബാറ്ററി പൂർണ്ണമായും തീർന്നുവെന്നാണ് വിശദീകരണം വരുന്നത്.

ഇതോടെ ഇന്ത്യയുടെ ‘മംഗൾയാൻ’ ഒടുവിൽ എട്ടു വർഷത്തെ സേവനം പൂർത്തിയാക്കി വിടവാങ്ങുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ അഞ്ചിനാണ് പിഎസ്എൽവി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. മോം ( MOM) ബഹിരാകാശ പേടകം അതിൻറെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ 2014 സെപ്റ്റംബർ 24-ന് വിജയകരമായി പ്രവേശിക്കുകയായിരുന്നു.

“ഇപ്പോൾ മംഗൾയാൻ പേടകത്തിൽ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂർണ്ണമായും തീർന്നു, ഇതോടെ ഇതുമായുള്ള ബന്ധം പൂർണ്ണമായി നഷ്ടമായി” ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

എന്നാൽ ഐഎസ്ആർഒ ദൌത്യം പൂർണ്ണമായും നഷ്ടമായോ എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാർസ് ഓർബിറ്റർ ക്രാഫ്റ്റ് ആറ് മാസത്തേക്ക് രൂപകൽപ്പന ചെയ്ത ദൗത്യമായിരുന്നു, എന്നാൽ അത് ഏകദേശം എട്ട് വർഷത്തോളം പ്രവർത്തിച്ചതായി ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

മോം ( MOM) ഒരു സാങ്കേതിക പ്രദർശന സംരംഭമായിരുന്നു എന്നാണ് ഐഎസ്ആർഒ പറയുന്നത്. ഉപരിതല ഭൗമശാസ്ത്രം, ഗ്രഹ രൂപഘടന, അന്തരീക്ഷ മാറ്റങ്ങൾ, ഉപരിതല താപനില, അറ്റ്മോസ്ഫിയർ എസ്കേപ് പ്രൊസസ്സ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ആകെ 15 കിലോഗ്രാം ഭാരമുള്ള അഞ്ച് ശാസ്ത്രീയ പേലോഡുകളാണ് ഇത് വഹിച്ചിരുന്നത്.

ഒപ്പം മാർസ് കളർ ക്യാമറ (എംസിസി), തെർമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റർ (ടിഐഎസ്), മീഥെയ്ൻ സെൻസർ ഫോർ മാർസ് (എംഎസ്എം), മാർസ് എക്സോസ്ഫെറിക് ന്യൂട്രൽ കോമ്പോസിഷൻ അനലൈസർ (എംഇഎൻസിഎ), ലൈമാൻ ആൽഫ ഫോട്ടോമീറ്റർ (എൽഎപി) എന്നീ അഞ്ച് ഉപകരണങ്ങളും ഇതിൽ ഉണ്ടായിരുന്നു.

Advertisement