ശ്രീനഗർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയോടനുബന്ധിച്ച് ജമ്മുവിൽ മൊബൈൽ ഇന്റർനെറ്റിന് നിരോധനം. പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട ജമ്മുവിലെ ചില ഭാഗങ്ങളിലും അയൽ ജില്ലയായ രജൗരിയിലുമാണ് ഇന്റർനെറ്റ് താത്കാലികമായി നിരോധിച്ചിരിക്കുന്നത്.
അക്രമികൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ന് വൈകീട്ട് ഏഴ് മണിവരെയാണ് നിരോധനം. ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഹേമന്ത് ലോഹ്യയെ വീട്ടുജോലിക്കാരൻ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അമിത് ഷാ ജമ്മുവിൽ എത്തിയത് ഇതോടെയാണ് സുരക്ഷ ശക്തമാക്കിയത്.
നാളെ ശ്രീനഗറിൽ സുരക്ഷാ അവലോകന യോഗത്തിന് മുമ്പ്, ഷാ ഇന്ന് ജമ്മു മേഖലയിലെ രജൗരി ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യും. അവിടെ അദ്ദേഹം കേന്ദ്രഭരണ പ്രദേശത്തെ പഹാരി സമുദായത്തിന് പട്ടികവർഗ്ഗ (എസ്ടി) പദവി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു റാലി നാളെ വടക്കൻ കശ്മീരിലെ ബാരാമുള്ള പട്ടണത്തിൽ നടക്കും.
തിങ്കളാഴ്ച കശ്മീരിലെത്തിയ അമിത് ഷായെ ബിജെപിയുടെ ജമ്മു കശ്മീർ ഘടകം അധ്യക്ഷൻ രവീന്ദർ റെയ്‌ന സ്വാഗതം ചെയ്തു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ സന്ദർശനം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് മൂന്ന് വർഷത്തിലേറെയായ സംസ്ഥാനത്ത് അധികം വൈകാതെ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. പൊള്ളയായ സംവരണം ഉപയോഗിച്ച് ബിജെപി സമുദായങ്ങളെ ഭിന്നിപ്പിക്കുകയാണെന്നാണ് മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹബൂബ മുഫ്തി ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ അമിത് ഷായുടെ സന്ദർശനത്തിന വളരെയധികം രാഷ്ട്രീയ പ്രാധാന്യമുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരിൽ രണ്ട് ഭീകരാക്രമണങ്ങളാണ് നടന്നത്. ജമ്മു കശ്മീർ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹ്യ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് ജമ്മു കശ്മീരിലെ ജയിൽ വിഭാഗം ഡിജിപി ആയ ഹേമന്ത് കുമാർ ലോഹ്യയുടെ മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് സഹായി ആണെന്ന് ജമ്മു കശ്മീർ ഡിജിപി വ്യക്തമാക്കി. വീട്ടുവേലക്കാരൻ യാസിർ അഹമ്മദിൻ്റെ ചിത്രം ജമ്മു പോലീസ് പുറത്തുവിട്ടിരുന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. ഉദയ്വാലയിലുള്ള വസതിയിൽ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയിൽ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്.