മുംബൈ: ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനവ്യൂഹത്തിലേക്ക് അതിവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി അഞ്ചു പേർ മരിച്ചു. 12 പേർക്കു പരുക്കേറ്റു.
ബുധനാഴ്ച വെളുപ്പിന് 3.30നാണ് സംഭവം. വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസും മറ്റ് വാഹനങ്ങളും റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെ അതിവേഗത്തിൽ പാഞ്ഞെത്തിയ മറ്റൊരു കാർ ഇവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ പാഞ്ഞെത്തുന്നതു കണ്ട് ചിലർ ഓടിമാറാൻ ശ്രമിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നു മോദി ട്വീറ്റ് ചെയ്തു.