സൗജന്യ വാ​ഗ്ദാനങ്ങൾ; സാമ്പത്തിക ചെലവിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Advertisement

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് സൌജന്യ വാഗ്ദാനങ്ങൾ നൽകുമ്പോൾ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചെലവ് രാഷ്ട്രീയ പാർട്ടികൾ വിശദീകരിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മാതൃകാ പെരുമാറ്റച്ചട്ടത്തിൻറെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ സൌജന്യ വാഗ്ദാനങ്ങൾ നൽകുമ്പോൾ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചെലവ് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കേണ്ടിവരും.

ഇത് സംബന്ധിച്ച നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച രംഗത്ത് എത്തി. എന്നാൽ ഈ നിർദേശത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് ഇതാണ്, നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ പുതിയ കൂട്ടിച്ചേർക്കൽ നടത്താൻ പോകുന്നു. രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമ്പോൾ വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടർമാരെ അറിയിക്കാനും നിർദ്ദേശിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.

ഒക്‌ടോബർ 19-നകം ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായം തേടും. ഇവ കൂടി പരിഗണിച്ചാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുക. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ അവകാശത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നുകയറുന്നത് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഈ നിർദേശത്തെ വിശേഷിപ്പിക്കുന്നത്.

ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻറെ കാര്യമല്ല. ഇത് തെരഞ്ഞെടുപ്പ് രീതിയുടെ അന്തസത്തയ്ക്കും ആത്മാവിനും എതിരാണ്, ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ മറ്റൊരു ആണിയായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇത്തരം ഒരു ഇടപെടൽ മുൻപുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയിരുന്നെങ്കിൽ രാജ്യത്ത് പതിറ്റാണ്ടുകളായി മാറ്റങ്ങളുണ്ടാക്കിയ ക്ഷേമ, സാമൂഹിക വികസന പദ്ധതികളൊന്നും യാഥാർത്ഥ്യമാകുമായിരുന്നില്ലെന്ന് ജയറാം രമേശ് കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളെ അടുത്തിടെ പ്രധാനമന്ത്രി പരിഹസിച്ചതിന് സമാനമായ അഭിപ്രായമാണ് തെരഞ്ഞെടുപ്പ് കമ്മീഷനും എന്ന് മനസിലായതായി രാജ്യസഭയിലെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെൻററി നേതാവ് ഡെറക് ഒബ്രിയൻ അഭിപ്രായപ്പെട്ടു.

എന്താണ് ഇവിടെ നടക്കുന്നത്, ആദ്യം, പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. പിന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ അത് നടപ്പിലാക്കാൻ ഇറങ്ങുന്നു. രാജ്യത്തെ ഏറ്റവും ആദരണീയമായ സ്ഥാപനങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നാണ് ഭരണഘടന പറയുന്നത്. അതിൻറെ വിശ്വാസ്യത ഇല്ലാതാക്കുകയും അതിൻറെ വിശ്വസ്തത തന്നെ ചോദ്യം ചെയ്യപ്പെടുന്ന പ്രവർത്തനങ്ങളാണ് ഇവ, ഇത്തരം വിട്ടു വീഴ്ചകൾ ഇത്തരം ഒരു സ്ഥാപനം നടത്തരുത് ഒബ്രിയൻ പറഞ്ഞു.

കഴിഞ്ഞ ജൂലൈ 16 ന് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം നൽകി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ പ്രധാനമന്ത്രി മോദി പരിഹസിച്ചിരുന്നു. ഈ റെവിഡി സംസ്കാരം രാജ്യത്തിന്റെ വികസനത്തിന് വളരെ അപകടകരമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ കേസും നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻറെ നീക്കം.