മുത്തച്ഛനോടൊപ്പമിരുന്ന് ആർത്തവത്തെക്കുറിച്ച് സംസാരിക്കാൻ സാധിച്ചത് തന്നെ പുരോഗമനമെന്ന് ബച്ചന്റെ കൊച്ചുമകൾ നവ്യ
മുത്തച്ഛൻ അമിതാഭ് ബച്ചന്റെ സാന്നിധ്യത്തിൽ ആർത്തവത്തെ കുറിച്ചു തുറന്ന ചർച്ച നടത്തിയതും പുരോഗമനമാണെന്ന് കൊച്ചുമകൾ നവ്യ നവേലി നന്ദ. ഇത്തരം വിഷയങ്ങളെല്ലാം തുറന്നു സംസാരിക്കാൻ സാധിക്കുന്ന ഒരു കുടുംബത്തിലാണ് ജനിച്ചതെന്നതിൽ അഭിമാനമുണ്ടെന്നും നവ്യ നന്ദ പറഞ്ഞു. അടുത്തിടെ സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച പരിപാടിയിൽ അമിതാഭ് ബച്ചനൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവ്യ.

ആർത്തവത്തെ കുറിച്ചും സ്വന്തം ശരീരത്തെ കുറിച്ചും തുറന്നു സംസാരിക്കാൻ സാധിക്കുന്ന ഒരു കുടുംബാന്തരീക്ഷമല്ല, ഇപ്പോഴും പല പെൺകുട്ടികൾക്കുമുള്ളതെന്ന് പരിപാടിയിൽ പങ്കെടുത്ത രശ്മിക മന്ദാന പറഞ്ഞു. രശ്മികയുടെ അഭിപ്രായത്തെ പിന്തുണച്ച അമിതാഭ് ബച്ചൻ ആർത്തവത്തെ ഒരു പെൺകുട്ടിയുടെ പുനരുദ്ധാരണമായി കണക്കാക്കണം എന്നു പറഞ്ഞു. മുത്തച്ഛൻ പറഞ്ഞതു പോലെ ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ് ആർത്തവമെന്ന് നവ്യ പ്രതികരിച്ചു.
‘ആർത്തവം നമ്മൾ മറച്ചു വയ്ക്കേണ്ട ഒന്നല്ല. ആർത്തവം എന്നത് നിഷിദ്ധമായ ഒരു കാര്യമാണെന്നായിരുന്നു കുറച്ചുകാലം മുൻപുവരെയുള്ള ധാരണ. പക്ഷേ, ഇപ്പോൾ പുരോഗതി ഉണ്ടായിട്ടുണ്ട്. ഞാൻ ഇന്ന് എന്റെ മുത്തച്ഛനോടൊപ്പം സ്റ്റേജിൽ ഇരുന്നു ആർത്തവത്തെ കുറിച്ച് സംസാരിക്കുന്നു, അത് തന്നെ പുരോഗതിയുടെ അടയാളമാണ്. ഇന്ന് നമ്മൾ ഒരു പ്ലാറ്റ്‌ഫോമിൽ ഇരുന്ന് ആർത്തവത്തെ കുറിച്ച് തുറന്നു സംസാരിക്കുന്നതും ഒരുപാടുപേർ നമ്മളെ കാണുന്നതും സ്ത്രീ എന്ന നിലയിൽ മാത്രമല്ല, ഒരു രാജ്യമെന്ന നിലയിലും നമ്മൾ പുരോഗമിച്ചു എന്നാണ് വ്യക്തമാക്കുന്നത്.’– നവ്യ പറഞ്ഞു.
ആർത്തവവുമായി ബന്ധപ്പെട്ട ഈ സംഭാഷണത്തിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും പങ്കാളികളാകുന്നു എന്നത് സമൂഹം പുരോഗതിയുടെ പാതയിൽ സഞ്ചരിച്ചു തുടങ്ങി എന്നതിനുള്ള തെളിവാണെന്നും നവ്യ നന്ദ പറഞ്ഞു. ‘വീട്ടിൽ നിന്നു തന്നെ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ തുടങ്ങണം. തങ്ങളുടെ ശരീരത്തിൽ വളരെ സുരക്ഷിതരാണെന്ന് സ്ത്രീകൾക്കു വീട്ടിനുള്ളിൽ നിന്നു തന്നെ തോന്നണം. വീട്ടിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് സമൂഹത്തിൽ ഒരു സ്ത്രീയെ ആത്മവിശ്വാസമുള്ള കരുത്തയായ വ്യക്തിയായി മാറ്റാൻ സഹായിക്കുന്നത്. ഇക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. എല്ലാകാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്.’– നവ്യ പറഞ്ഞു.