കഫ് സിറപ്പ് മരണങ്ങള്‍ : രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ആനന്ദ് ശര്‍മ്മ

Advertisement

ന്യൂഡല്‍ഹി: ഹരിയാനയില്‍ നിര്‍മ്മിച്ച മായം ചേര്‍ത്ത കഫ് സിറപ്പ് കഴിച്ച് നിരവധി കുട്ടികള്‍ ഗാമ്പിയയില്‍ മരിച്ച സംഭവം ആഗോളതലത്തില്‍ രാജ്യത്തെ മരുന്ന് മേഖലയുടെ വിശ്വസ്യതയെ തകര്‍ക്കുമെന്ന് മുന്‍ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതൊരു ചരിത്രപരമായ ദുരന്തമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അംഗീകാരിക്കാനാകത്തത് ആണെന്നും വ്യക്തമാക്കി.

ഉത്പാദനത്തില്‍ രാജ്യത്ത് നിര്‍ദ്ദിഷ്ട സുരക്ഷിത മാനദണ്ഡങ്ങളുണ്ട്. സുരക്ഷാ പരിശോധനയില്‍ വീഴ്ച സംഭവിക്കുന്ന ഒരു മരുന്നും വിറ്റഴിക്കാന്‍ പാടില്ല. കയറ്റുമതിയും അനുവദിക്കില്ല. ഈ മരുന്നുകള്‍ രാജ്യത്ത് വിറ്റഴിച്ചിട്ടില്ലെന്നും ഗാമ്പിയയിലേക്ക് മാത്രമേ കയറ്റുമതി ചെയ്തിട്ടുള്ളൂവെന്നുമുള്ള ഡ്രഗ്‌സ് റെഗുലേറ്ററുടെയും സര്‍ക്കാരിന്റെയും പ്രസ്താവനകള്‍ വിശ്വസനീയമല്ല. അംഗീകരിക്കാനുമാകില്ല. ഇക്കാര്യത്തില്‍ ഉടന്‍ നടപടികള്‍ ഉണ്ടാകണം.

ഫാര്‍മ പ്രൊഡക്ടിന്റെ സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു മരുന്നും കയറ്റുമതി ചെയ്യാനാകില്ല. എന്നിട്ടും എങ്ങനെയാണ് ഗ്ലൈക്കോളും എത്തലീന്‍ ഗ്ലൈക്കോളും കലര്‍ന്ന ഈ മരുന്നിന് കയറ്റുമതി അനുമതി ലഭ്യമായതെന്നും അദ്ദേഹം ചോദിച്ചു.

ഈ ദുരന്തം ഒരു മുന്നറിയിപ്പാണ്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ലൈസന്‍സ് നല്‍കുന്നതിനും വിപണനത്തിനും കയറ്റുമതിക്കും ദേശീയതലത്തില്‍ ഒരു ഏകീകൃത രൂപമുണ്ടാകണം. ഗാമ്പിയയിലെ ദുരന്തം ഇന്ത്യന്‍ മരുന്ന് വ്യവസായത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ യാതൊരുതരത്തിലും അനുവദിച്ച് കൂടാ. ആഗോള മരുന്ന് ലോബികളെ ഈ അവസരം മുതലാക്കാനും അനുവദിക്കരുത്.

രാജ്യത്തെ മരുന്ന് നിര്‍മ്മാണ മേഖല കാലങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു വിശ്വാസ്യത ആഗോളതലത്തില്‍ ഉണ്ട്. ഇന്ത്യന്‍ കമ്പനികള്‍ രംഗത്ത് എത്തിയതോടെ പല ജീവന്‍ രക്ഷാമരുന്നുകളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനായി. ആഫ്രിക്ക അടക്കമുള്ള പല വികസ്വര രാഷ്ട്രങ്ങള്‍ക്കും അത് ഏറെ ഗുണം ചെയ്തു.

ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാനും ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് സാധിച്ചു. ഇതിന്റെ എല്ലാം ഫലമായി ഇന്ത്യ ലോകത്തിന്റെ മരുന്ന് കേന്ദ്രമായി മാറുകയും ചെയ്തു. എന്നാല്‍ ചില മള്‍ട്ടി നാഷണല്‍ മരുന്ന് കമ്പനികളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പക്ഷേ ഈ ലേബല്‍ ഒരിക്കലും മാറരുത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement