ബെംഗളൂരു: മൈസൂർ-ബെംഗളൂരു ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റി റെയിൽവേ. മൈസൂരു-ബെംഗളൂരു ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാർ എക്‌സ്പ്രസ് എന്നാക്കി മാറ്റിയതായി റെയിൽവേ അറിയിച്ചു.
കഴിഞ്ഞ ജൂലൈയിൽ മൈസൂരു എംപി പ്രതാപ് സിംഹ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ അപേക്ഷയെ തുടർന്നാണ് റെയിൽവേ പേര് മാറ്റിയത്. മൈസൂരുവിനും തലഗുപ്പ എക്‌സ്‌പ്രസിന് കവി കുവെമ്പുവിന്റെ പേര് നൽകി ആദരിക്കണമെന്നും സിംഹ ആവശ്യപ്പെട്ടിരുന്നു. രണ്ട് ശുപാർശകളും റെയിൽവേ അംഗീകരിക്കുകയും ഉത്തരവുകൾ ശനിയാഴ്ച പ്രാബല്യത്തിൽ വരുകയും ചെയ്തു.
1980-ൽ ആരംഭിച്ച ടിപ്പു എക്സ്പ്രസ് മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനാണ്. പേരുമാറ്റിയതിനെതിരെ ചിലകോണുകളിൽ നിന്ന് വിമർശനമുയർന്നു. മുസ്ലീം രാജാവിന്റെ പേര് മാറ്റി ഹിന്ദു രാജവംശത്തിന്റെ പേര് നൽകാനുള്ള നീക്കം ഭരണകക്ഷിയായ ബിജെപിയുടെ കാവിവൽക്കരണ അജണ്ടയാണെന്നും ആരോപണമുയർന്നു.
എന്നാൽ, വോഡയാർ രാജകുടുംബം റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്ക് വളരെയധികം സംഭാവന നൽകിയതുകൊണ്ടാണ് അവരുടെ പേര് നൽകിയതെന്ന് എംപി വിശദീകരിച്ചു. മൈസൂർ രാജ്യത്തിന്റെ ഹിന്ദു ഭരണാധികാരികളായിരുന്നു വോഡയാർ, ബ്രിട്ടീഷുകാരോട് പോരാടി മരിച്ച ശ്രീരംഗപട്ടണത്തിലെ മുസ്ലീം ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ.