സാരിയുടുത്ത് സ്ത്രീകളുടെ തകർപ്പൻ കബഡി കളി

Advertisement

റായ്പൂർ: സാരിയുടുത്ത് കബഡി കളിക്കുന്ന സ്ത്രീകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഐഎഎസ് ഓഫിസറായ അവനിഷ് ശരൺ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയാണ് നിമിഷങ്ങൾക്കകം വൈറലായത്.

‘നമ്മൾ മറ്റുള്ളവരിൽ നിന്ന് മോശക്കാരാണോ! ഛത്തീസ്ഗഢ് ഗ്രാമീണമേളയിലെ വനിതാ കബഡിയിൽ നിന്ന്’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. സാധാരണ കബഡികളിക്കാരെ പോലെ തന്നെയാണ് ഈ സ്ത്രീകളും അനായാസേന മത്സരത്തിൽ പങ്കെടുക്കുന്നത്. പക്ഷേ, സാരിയിലാണെന്നു മാത്രം. പരമ്പരാഗത രീതിയിൽ സാരിയുടുത്ത് മുന്താണി ഉപയോഗിച്ച് തല മറയ്ക്കുകയും ചെയ്തിരിക്കുന്നു. മത്സരം കാണാനെത്തിയവർ ചുറ്റിലും കൂടി നിന്ന് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. വിഡിയോക്കു താഴെ ഹൃദയസ്പർശിയായ നിരവധി കമന്റുകളും എത്തി. സ്ത്രീകളുടെ കഴിവിനെയും അർപ്പണ മനോഭാവത്തെയും പ്രകീർത്തിക്കുന്നതായിരുന്നു കമന്റുകൾ. അതിമനോഹരം, ഗംഭീരം എന്നിങ്ങനെയായിരുന്നു പലരുടെയും കമന്റുകൾ ജീവിതത്തിൽ കൂടുതൽ ശക്തരാകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പലരും കമന്റ് ചെയ്തു. ‘ഒറ്റശ്വാസത്തിൽ സാരിയുടെ പല്ലു ശരിയാക്കുകയും കബഡി കളിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ കഴിവിനെ പ്രശംസിക്കാതിരിക്കാനാകില്ല.’– എന്നായിരുന്നു മറ്റൊരു കമന്റ്.