ലക്നൗ : യുപിയിലെ ഈ അച്ഛന്റെ ക്രൂരതക്ക് സമാനതയില്ല.36 വര്‍ഷം മകളെ മുറിയില്‍ പൂട്ടിയിട്ടാണ് അച്ഛന്‍ ശിക്ഷിച്ചത്. അച്ഛന്‍ മരിച്ചതിന് ശേഷമാണ് 53 കാരിയായ മകള്‍ക്ക് മോചനം ലഭിച്ചത്.
സേവാഭാരതി പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഈ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിച്ചു.
മുറിയ്ക്ക് പുറത്തുവന്നപ്പോള്‍ 53 കാരിയുടെ നില വളരെ മോശമായിരുന്നു.ഏറെ നാളത്തെ ഏകാന്ത വാസം ഇവരുടെ മാനസിക നില തെറ്റിച്ചിരുന്നു. എന്നാല്‍ ചികിത്സയിലൂടെ ഇത് ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
17 വയസ് പ്രായമുള്ളപ്പോഴാണ് ഇവരെ അച്ഛന്‍ വീട്ടില്‍ പൂട്ടിയിട്ടത്. ചങ്ങലയില്‍ ബന്ധിച്ചാണ് മുറിയിലിട്ട് പൂട്ടിയത്. തുടര്‍ന്ന് ഇത്രയും വര്‍ഷം വാതിലിനടിയിലൂടെ ഭക്ഷണം നല്‍കി. ജീവിതത്തിന്റെ പകുതിയിലധികം കാലം ഇവര്‍ മുറിയ്ക്കുള്ളില്‍ ബന്ധനസ്ഥയായിരുന്നു.
സ്ത്രീയെ 17 വയസ്സ് മുതല്‍ പൂട്ടിയിട്ട കാര്യം അറിയാമായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇങ്ങനെ ക്രൂരത കാണിക്കരുത് എന്ന് ഇടയ്ക്കിടെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.