ഭർത്താവിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സീരിയൽ താരം രം​ഗത്ത്

Advertisement

ചെന്നൈ: ഭർത്താവ് അർണവ് അംജത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയൽ നടി ദിവ്യ ശ്രീധർ രംഗത്ത്. തൻറെ സഹപ്രവർത്തകയായ നടിയുമായി അർണവ് ബന്ധമുണ്ടെന്ന് ദിവ്യ പറയുന്നു.

തൻറെ ബന്ധുക്കളെ ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ കാരണം അംജത്താണെന്ന് ദിവ്യ ആരോപിക്കുന്നുണ്ട്. അതേ സമയം തമിഴ് മിനി സ്ക്രീൻ രംഗത്തെ താരജോഡികളുടെ ആരോപണങ്ങൾ തമിഴകത്ത് ചൂടേറിയ വാർത്തയാകുകയാണ്.

2017-ൽ സംപ്രേഷണം ചെയ്ത ‘കേളടി കൺമണി’ എന്ന സീരിയലിനിടേയാണ് അർണവുമായി ദിവ്യ അടുക്കുന്നത്. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. സെപ്തംബർ 25ന് താൻ ഗർഭിണിയാണ് എന്ന് ദിവ്യ പറഞ്ഞിരുന്നു. ഈ സന്തോഷ വാർത്തയ്ക്ക് പിന്നാലെയാണ് ഭർത്താവിനെതിരെ നടി രംഗത്ത് എത്തിയത്.

തൻറെ ഭർത്താവിന് ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ ഒരു നടിയുമായി ബന്ധമുണ്ടെന്ന് കാണിച്ച് ദിവ്യ വ്യാഴാഴ്ച ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഈ നടിയെ അവർ ജോലി ചെയ്യുന്ന സെറ്റിൽ എത്തി ഇത് സംബന്ധിച്ച് ചോദ്യം ചെയ്തു. നടി തന്നെ വെള്ളക്കുപ്പി കൊണ്ട് അടിച്ചുവെന്നും ദിവ്യ ആരോപിക്കുന്നു . കൂടാതെ, പല അവസരങ്ങളിലും ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ദിവ്യ പറയുന്നു.

തൻറെ ബന്ധുക്കളെയെല്ലാം ഉപേക്ഷിച്ചാണ് അർണവിനെ വിവാഹം കഴിച്ചത്. അതിനായി ഇസ്ലാം മതം സ്വീകരിക്കാൻ അർണവ് നിർബന്ധിച്ചെന്നും ദിവ്യ ആരോപിക്കുന്നു. ഇതെല്ലാം ചെയ്ത ശേഷമാണ് എന്നെ ഒഴിവാക്കുന്നത്. ഗർഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് ദിവ്യ ആരോപിക്കുന്നു.

അതേ സമയം ദിവ്യയ്ക്കെതിരെ അർണവും രംഗത്ത് എത്തി. വിവാഹം കഴിക്കാൻ വേണ്ടി ദിവ്യ തന്നോട് കള്ളം പറയുകയും ദിവ്യയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നും അർണവ് ആരോപിക്കുന്നു. തൻറെ ഒരു സുഹൃത്തിനൊപ്പം ചേർന്ന് ദിവ്യയാണ് ഗർഭച്ഛിദ്രത്തിന് ശ്രമിക്കുന്നത് എന്നാണ് അർണവിൻറെ ആരോപണം.

ഷൂട്ടിംഗ് സ്ഥലത്തേക്ക് ദിവ്യ വരുമ്പോൾ ഞാനും സഹനടിയും ഭക്ഷണം കഴിക്കുകയായിരുന്നു. ദിവ്യ അവിടെ വന്ന് പ്രശ്‌നമുണ്ടാക്കി. കൈ കഴുകാൻ എഴുന്നേറ്റ നടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഇതിൽ നിന്നും രക്ഷപ്പെടാൻ നടി ദിവ്യയെ കുപ്പികൊണ്ട് എറിയുകയായിരുന്നു. എന്നാൽ അത് ദിവ്യയുടെ തോളിലാണ് കൊണ്ടത്. അല്ലാതെ അനിഷ്ട സംഭവം ഒന്നും നടന്നില്ല – അർണവ് പറയുന്നു.

ഇരുവരുടെയും മൊഴികൾ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് ചെന്നൈ പോലീസ് പറയുന്നത്.