യൂബർ ഡ്രൈവർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് താരം

Advertisement

മുംബൈ: യുബർ ഡ്രൈവർ മോശമായി പെരുമാറി എന്ന പരാതിയുമായി ചലച്ചിത്രതാരം മാനവ നായിക്. ടാക്സിയിൽ വീട്ടിലേക്കു പോകുമ്പോൾ യൂബർ ഡ്രൈവർ മോശമായി പെരുമാറുകയും ഭീഷണിപ്പടുത്തുകയും ചെയ്തെന്ന് മാനവ പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മാനവ തനിക്കുണ്ടായ ദുരനുഭവം പുറംലോകത്തെ അറിയിച്ചത്.
പ്രതിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുംബൈ ജോയിന്റ് പൊലീസ് കമ്മിഷ്ണർ വിശ്വാസ് നാൻഗ്രേ പട്ടീൽ വ്യക്തമാക്കി. ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് രാത്രി 8.15 നാണ് വീട്ടിലേക്കു പോകാനായി ടാക്സി ബുക്ക് ചെയ്തതെന്ന് മാനവ പറയുന്നു. കാറിൽ കയറിയതു മുതൽ ഡ്രൈവർ ഫോണിലായിരുന്നു എന്ന് താരം പരാതിയിൽ പറയുന്നുണ്ട്.

ഡ്രൈവർ തികച്ചും അശ്രദ്ധമായാണ് വാഹനം ഓടിച്ചത്. ഫോൺ മാറ്റിവച്ച് വാഹനമോടിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. സിഗ്നലിൽ ഇയാൾ ഗതാഗത നിയമങ്ങൾ പാലിച്ചില്ലെന്നും ട്രാഫിക് പൊലീസ് വാഹനം നിർത്തി ഫോട്ടോ എടുത്തെന്നും മാനവ പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.

‘ട്രാഫിക് പൊലീസ് വാഹനം തടഞ്ഞപ്പോൾ അയാൾ അദ്ദേഹവുമായി വഴക്കായി. തുടർന്ന് ഞാൻ ഇടപെട്ടു. ഗതാഗത നിയമം ലംഘിച്ചതിന് അവന്റെ പേരിൽ 500 രൂപ പിഴ അടച്ചു. പിന്നീട് വാഹനത്തിൽ കയറിയപ്പോൾ എന്തിനാണ് പിഴ അടച്ചതെന്നു ചോദിച്ച് എന്നോട് ബഹളമായി. നീ ഫോൺ ചെയ്തിട്ടല്ലേ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ശേഷം യൂബർ ഡ്രൈവർ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഞാൻ വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇരുട്ടുള്ള ഒരു പ്രദേശത്ത് വാഹനം നിർത്താൻ അവൻ ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ഞാൻ അയാളോട് അപ്പോഴും ആവശ്യപ്പെട്ടു.’– താരം പറയുന്നു.

യൂബർ സുരക്ഷാ നമ്പറിൽ വിളിച്ചപ്പോൾ തിരക്കിലായിരുന്നു എന്നും മാനവ കുറിപ്പിൽ പറയുന്നുണ്ട്. ‘പ്രിയദർശിനി പാർക്കിനു സമീപത്തേക്ക് പോകാനായിരുന്നു അയാളുടെ ശ്രമം. ഞാൻ അയാളോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ഇതിനിടെ ഇയാൾ മറ്റുചിലരെ ഫോണിൽ ബന്ധപ്പെട്ടു. അയാൾ വേഗത്തിൽ വാഹനം ഓടിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചു. ആ സമയം അതുവഴി രണ്ട് ബൈക്ക് യാത്രക്കാരും ഒരു ഓട്ടോയും വന്നു. അവർ വാഹനം തടഞ്ഞു നിർത്തി. ഞാൻ പുറത്തിറങ്ങി. ഞാൻ സുരക്ഷിതയാണ്. പക്ഷേ, വല്ലാതെ ഭയന്നുപോയി.’– മാനവ കുറിപ്പിൽ വ്യക്തമാക്കി.