വിജയവാഡ: മന്ത്രിമാർ ഉൾപ്പെടെ സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽനിന്ന് ഏഴു പുതുമുഖങ്ങൾ. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ് എന്നിവരാണ് ദേശീയ കൗൺസിലിലേക്ക് എത്തുന്നത്. കൺട്രോൾ കമ്മിഷൻ അംഗമായി സത്യൻ മൊകേരിയും എത്തും.
പന്ന്യൻ രവീന്ദ്രൻ, എൻ.അനിരുദ്ധൻ, ടി.വി.ബാലൻ, സി.എൻ.ജയദേവൻ, എൻ.രാജൻ എന്നിവർ ഒഴിവായി. കെ.ഇ.ഇസ്മയിലും ദേശീയ കൗൺസിൽനിന്ന് പുറത്തായി. മുൻമന്ത്രി വി.എസ്.സുനിൽകുമാർ ദേശീയ കൗൺസിലിൽ എത്തുന്നത് സംസ്ഥാന നേതൃത്വം തടഞ്ഞു. സുനിൽകുമാറിന്റെ പേര് ടി.ആർ. രമേശ്കുമാർ നിർദേശിച്ചെങ്കിൽ നേതൃത്വം പിന്തുണച്ചില്ല. കെ.ഇ. ഇസ്‌മയിൽ പക്ഷത്തെ പ്രധാനിയാണ് വി.എസ്.സുനിൽകുമാർ.
സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജയെ തന്നെ വിജയവാഡയിൽ നടക്കുന്ന 24–ാം പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തേക്കും. രാജയെ ഉന്നമിട്ട് പൊതുചർച്ചയിൽ കേരളഘടകം കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും നേതൃമാറ്റം ഉണ്ടാകാനിടയില്ല. രാജയ്‌ക്കെതിരെ ദേശീയ കൗൺസിലിൽ വിയോജിപ്പുണ്ടായാൽ അതുൽ കുമാർ അൻജാനോ അമർജിത് കൗറോ ജനറൽ സെക്രട്ടറിയാകാനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല.