പത്തനംതിട്ട: മലയാളിയായ പൂജാരി തമിഴ് യുവതിയെ കടത്തിക്കൊണ്ടു പോയതായി പരാതി. യുവതിയെ കണ്ടെത്താൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ ഭർത്താവ് രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരപാണ്ഡ്യൻ ആവശ്യപ്പെട്ടു. റാന്നിയിൽ 12 വർഷമായി തുണിക്കച്ചവടം ചെയ്യുകയാണ് മധുരപാണ്ഡ്യൻ.
അഞ്ചു മാസം മുൻപാണു രാജപാളയം മീനാക്ഷിപുരം മാരിയമ്മൻ കോവിലിലെ ചടങ്ങുകൾക്കായി പൂജാരിയായി സമ്പത്ത് എന്ന പേരിൽ മലയാളി യുവാവ് എത്തിയത്. മധുരപാണ്ഡ്യനേയും രണ്ടും ആറും വയസ്സുള്ള മക്കളേയും ഉപേക്ഷിച്ച് മധുരപാണ്ഡ്യന്റെ ഭാര്യ അർച്ചനാദേവി (27) പൂജാരിക്കൊപ്പം പോയി. വിരുദനഗർ ദളവാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ബന്ധുക്കളുടെ അടുത്ത് എത്തിച്ചെങ്കിലും അടുത്ത ദിവസം തന്നെ യുവതി പൂജാരിക്കൊപ്പം വീണ്ടും ഇറങ്ങിപ്പോയി.
കഴിഞ്ഞ ജൂലൈയിലാണു സംഭവം. അത്തവണ 19 പവൻ സ്വർണവുമായാണു യുവതി വീടു വിട്ടത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണു സമ്പത്ത് അവിടെ പറഞ്ഞിട്ടുള്ളത്. പേരും സ്ഥലവുംമെല്ലാം വ്യാജമാണെന്നു മധുരപാണ്ഡ്യൻ സംശയിക്കുന്നു. ഇലന്തൂരിലെ ഇരട്ട നരബലി വാർത്തയറിഞ്ഞതോടെ ഭീതിയിലാണു മധുരപാണ്ഡ്യൻ. കേരള പൊലീസിൽ എസ്ഐയായിരുന്നുവെന്നും, ആ ജോലി ഉപേക്ഷിച്ചാണു പൂജാരിയായി ജോലി ചെയ്യുന്നതെന്നുമാണു സമ്പത്ത് അവിടെയുള്ളവരോട് പറഞ്ഞത്. കൂടാതെ രണ്ട് വീടുകളുണ്ടെന്നും പറഞ്ഞിരുന്നു. തെളിവിനായി പൊലീസ് വാഹനത്തിനു മുൻപിൽ നിൽക്കുന്ന ചിത്രവും കാണിച്ചിരുന്നു.
സ്വർണം അപഹരിച്ചശേഷം സമ്പത്ത് യുവതിയെ അപായപ്പെടുത്തിയിട്ടുണ്ടാകുമോയെന്ന ആശങ്കയിലാണു മധുരപാണ്ഡ്യന്റെ കുടുബം. ദളവാപുരം പൊലീസ് ഇപ്പോൾ കേസ് അന്വേഷിക്കാൻ താൽപര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പൂജാരി കേരളത്തിലേക്കു കടന്നതിനാൽ കേരളത്തിൽ അന്വേഷിക്കാനാണു തമിഴ്നാട് പൊലീസ് മധുരപാണ്ഡ്യനോട് പറയുന്നത്. ഇന്നു രാവിലെ റാന്നി പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും സംഭവം നടന്നതു തമിഴ്നാട്ടിലായതിനാൽ പരാതി ഇവിടെ സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണു കേരള പൊലീസ്.
മധുരപാണ്ഡ്യന്റെയും അർച്ചനാ ദേവിയുടെയും പ്രണയ വിവാഹമായിരുന്നു. ബിഎഡ്, എംഎ എന്നീ കോഴ്സുകളും പഠിപ്പിച്ചു. അർച്ചനയ്ക്കു പോളിടെക്നിക് കോളജിൽ ജോലി വാങ്ങികൊടുത്തുവെങ്കിലും അവസാനം പൂജാരിയോടൊപ്പം ചേർന്നു തന്നെ ചതിച്ചുവെന്നു മധുരപാണ്ഡ്യൻ പറയുന്നു. ഇതിനിടയിൽ ഓഗസ്റ്റിൽ മധുരപാണ്ഡ്യന്റെ അച്ഛൻ മലൈകനി മരിച്ചു. ഇലന്തൂർ ഇരട്ടനരബലി കേസിനെക്കുറിച്ചു കേട്ടതോടെ മധുരപാണ്ഡ്യന്റെയും കുടുംബാംഗങ്ങളുടേയും മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്.