നോയിഡ. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കുടല്‍ പുറത്തുവന്നിരുന്നു. ശക്തമായ പ്രതിഷേധമാണ് സംഭവത്തിന് പിന്നാലെ നോയിഡയിൽ ഉണ്ടായത്.
സെക്ടര്‍ 100ല്‍ സ്ഥിതി ചെയ്യുന്ന ലോട്ടസ് ബൊളിവാര്‍ഡ് എന്ന നോയിഡ ഹൗസിംഗ് സൊസൈറ്റിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി നോയിഡയിലെ യഥാര്‍ഥ് ആശുപത്രിയിലെ ഐസിയുവിലായിരുന്നു. രാത്രി മുഴുവന്‍ അവശനിലയിലായ കുട്ടി ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. സൊസൈറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടെ താമസിച്ചിരുന്ന തൊഴിലാളിയുടെ കുഞ്ഞാണ് നായയുടെ ആക്രമത്തിനിരയായത്. സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ ശക്തമായ നടപടി കാരണക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ അടക്കം സ്വീകരിയ്ക്കണമെന്ന് ഇവർ നോയിഡ അതോറിറ്റിയോട് ആവശ്യപ്പെട്ടു. നോയിഡ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.