യുപിയിൽ അം​ഗീകാരമില്ലാതെ 7500ഓളം മദ്റസകൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തൽ

Advertisement

മുസഫർനഗർ: ഉത്തർപ്രദേശിൽ 75 ജില്ലകളിലായി 7500ഓളം അം​ഗീകാരമില്ലാത്ത മദ്റസകൾ പ്രവർത്തിക്കുന്നതായി സർവേയിൽ കണ്ടെത്തിയെന്ന് യുപി മദ്റസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു. സർവേയുടെ അവസാന ദിനമാണ് കണക്കുകൾ പുറത്തുവിട്ടത്.

യുപിയിൽ ഇതുവരെ 7,500 അംഗീകാരമില്ലാത്ത മദ്റസകളെങ്കിലും കണ്ടെത്തി. ഔദ്യോഗിക കണക്കുകൾ ഉടൻ വരും. നവംബർ 15 നകം ജില്ലാ മജിസ്‌ട്രേറ്റുകൾ മുഖേന സമ്പൂർണ സർവേ റിപ്പോർട്ട് പുറത്തുവിു‍ടുമെന്നും കൂടുതൽ പരിശോധനയ്ക്കായി സംസ്ഥാന സർക്കാറിന് സമർപ്പിക്കുമെന്നും ജാവേദ് ടൈംസ് ഓഫ് ഇന്ത്യയോയോട് പറഞ്ഞു.

വെള്ളപ്പൊക്കവും മഴയും ബാധിച്ചതിനാൽ ചില ജില്ലകളിൾ ഇപ്പോഴും ഡാറ്റ സമാഹരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം മദ്റസകൾക്ക് യുപി മദ്റസ ബോർഡിൽ അംഗീകാരം നേടാനുള്ള അവസരം നൽകുമെന്ന് അധികൃതർ പറഞ്ഞു.

നിലവിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുമെന്നും അധികൃതർ പറഞ്ഞു. അതിനിടെ ഏഴ് വർഷമായി ഒരു മദ്റസയ്ക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് ബോർഡ് ചെയർമാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മദ്റസകളെ നിയമവിരുദ്ധം എന്നുവിശേഷിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, യുപിയിൽ 16,513 അംഗീകൃത മദ്രസകളുണ്ട്. അതിൽ 560 എണ്ണത്തിന് സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട്. ഇവിടങ്ങളിൽ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ള ജീവനക്കാർക്കുള്ള ശമ്പളം സർക്കാർ ​ഗ്രാന്റ് ഉപയോ​ഗിച്ചാണ് നൽകുന്നത്.

മദ്റസകളെക്കുറിച്ചുള്ള സർവേ ന‌ടത്തുന്നതിനെതിരെ നിരവധി പുരോഹിതന്മാർ രം​ഗത്തെത്തിയിരുന്നു. സർവേയുടെ വിശ്വാസ്യതയെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചു. വർഷങ്ങളായി മദ്റസാ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങളും പലരും ചൂണ്ടിക്കാട്ടി.

Advertisement