ഡൽഹിയിൽ തണുപ്പുകാല വായു മലിനീകരണം 20% കുറഞ്ഞു

Advertisement

ന്യൂഡൽഹി: കോവിഡിനു മുൻപുള്ള സമയത്തെ അപേക്ഷിച്ച്, ഡൽഹി നഗരത്തിൽ തണുപ്പുകാലത്തെ വായു മലിനീകരണം കുറയുന്നതായി പഠനം. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ(സിഎസ്ഇ) നേതൃത്വത്തിൽ നടന്ന പഠനത്തിൽ വായു മലിനീകരണത്തിൽ 20 ശതമാനത്തോളം കുറവു വന്നുവെന്നാണു കണ്ടെത്തൽ.

2015 ജനുവരി 1 മുതൽ 7 വർഷത്തെ വായുനിലവാരം പരിശോധിച്ചതിൽ നിന്നാണ് നഗരത്തിന് ആശ്വാസമാകുന്ന ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. നഗരത്തിലെ 81 എയർ ക്വാളിറ്റി പരിശോധനാ കേന്ദ്രങ്ങളിലെ ഡേറ്റയാണു വിലയിരുത്തിയതെന്ന് സിഎസ്ഇ എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയ് ചൗധരി പറഞ്ഞു.

കോവിഡിനു മുൻപ്, ഒക്ടോബർ 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സമയത്തെ പിഎം 2.5ന്റെ നില 180–190 എന്നാണു ശരാശരി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കോവിഡ് സമയത്തിനു ശേഷം ഇതു 150–160 എന്ന നിലയിലേക്കു താഴ്ന്നു. 2021–22 വർഷത്തെ ശൈത്യകാലം 2020–21നെക്കാൾ മെച്ചപ്പെട്ടതായിരുന്നുവെന്നും വായു മലിനീകരണം കുറവായിരുന്നുവെന്നും ദേശീയതലസ്ഥാന മേഖലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സമാന സ്ഥിതിയാണു രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.